അന്ന് ലഹരി ഉപയോഗത്തിനെതിരെ ശില്‍പശാല, ഇന്ന് ലഹരിക്കടത്തില്‍ പാർട്ടി സെക്രട്ടറിയുടെ മകൻ അറസ്റ്റില്‍ ; വെട്ടിലായി ഡിവൈഎഫ്ഐ

Jaihind News Bureau
Friday, October 30, 2020

തിരുവനന്തപുരം:  ബെംഗളൂരു ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരി അറസ്റ്റിലായതോടെ വെട്ടിലായി ഡിവൈഎഫ്ഐ. ‘ലഹരി ഉപേക്ഷിക്കൂ, മനുഷ്യനാവൂ’ എന്ന മുദ്രാവാക്യമുയർത്തിയ സംഘടനാ നേതൃത്വത്തിനാണ് ബിനീഷിന്‍റെ അറസ്റ്റിന് ശേഷം ഉത്തരം മുട്ടുന്നത്.

https://youtu.be/1d40ucZX7hc

വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗം കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പരിപാടികളുടെ ഭാഗമായി ഈ വര്‍ഷം ഫെബ്രുവരി ഒന്നിന് പാലക്കാട് നടന്ന ഡിവൈഎഫ്‌ഐയുടെ സംസ്ഥാനതല ശില്‍പശാലയുടെ പ്രധാന മുദ്രാവാക്യമായിരുന്നു ‘ലഹരി ഉപേക്ഷിക്കൂ, മനുഷ്യനാവൂ’ എന്നത്.

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം സ്വാഗതം ആശംസിച്ച ശില്‍പശാലയുടെ ഉദ്ഘാടനം എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണനാണ് നിര്‍വ്വഹിച്ചത്. മയക്കുമരുന്ന് നിയന്ത്രിക്കാനുള്ള നിലവിലെ നിയമങ്ങള്‍ അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡി.വൈ.എഫ്.ഐ. ശില്‍പശാല സംഘടിപ്പിച്ചത്.

സംസ്ഥാനത്തെ എക്‌സൈസ് വകുപ്പ് ലക്ഷങ്ങള്‍ മുടക്കി ലഹരി വിരുദ്ധ ബോധവത്ക്കരണത്തിനായി നടത്തുന്ന വിമുക്തി പരിപാടിയില്‍ നിന്ന് പണം തട്ടുന്നതിന് വേണ്ടിയാണ് ഡിവൈഎഫ്‌ഐ ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത് എന്ന ആരോപണവും ഉയർന്നു കഴിഞ്ഞു. ലഹരി ഉപയോഗത്തിനെതിരെ സംസ്ഥാനതല ശിൽപശാല നടത്തിയ ഡി.വൈ.എഫ്.ഐ നേതൃത്വം പാർട്ടി സെക്രട്ടറിയുടെ മകൻ ഇതേ കേസിൽ അറസ്റ്റിലാവുമ്പോൾ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് രാഷ്ട്രീയ കേരളം ചർച്ച ചെയ്യുകയാണ്.