VEENA GEORGE| ബിന്ദുവിന്‍റെ മരണം: സംസ്ഥാനത്ത് ഇന്നും പ്രതിപക്ഷ പ്രതിഷേധം

Jaihind News Bureau
Sunday, July 6, 2025

കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്ന് ഒരാൾ മരിച്ച സംഭവത്തിൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും എതിരെയുള്ള പ്രതിഷേധം ശക്തമാക്കാൻ ആണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം. അതേസമയം ആരോഗ്യമന്ത്രിയെ സംരക്ഷിച്ചു മുന്നോട്ടുപോകുന്ന സിപിഎമ്മിന്റെ നിലപാടിന് എതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

കോട്ടയം മെഡിക്കൽ കോളേജിൽ ഉപയോഗശൂന്യമായ കെട്ടിടം തകർന്ന് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മരണത്തിൽ ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും എതിരെയാണ് പ്രതിപക്ഷ പ്രതിഷേധം കടുക്കുന്നത്. യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിലും വ്യാപക പ്രതിഷേധം നടന്നിരുന്നു. അതെസമയം, പ്രതിഷേധിക്കുന്നവർ പ്രതിഷേധിക്കട്ടെ, ആരോഗ്യ മന്ത്രിയെ ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിക്കുന്ന സിപിഎമ്മിന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. കഴിഞ്ഞദിവസം ആരോഗ്യ മന്ത്രി വീണ ജോർജിനെ ന്യായീകരിച്ച മന്ത്രി വി എൻ വാസവന്റെ പ്രസ്താവനയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ആരോഗ്യമന്ത്രി വ്യക്തിപരമായി കെട്ടിടം പൊളിച്ചുമാറ്റിയതാണോ എന്ന് പരിഹസിച്ച വാസവിന്റെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിൽ നടന്നത് ആരോഗ്യമന്ത്രിയുടെയും, ആരോഗ്യവകുപ്പിന്റെയും ഭാഗത്തു നിന്നുള്ള ഏറ്റവും വലിയ കെടുടകാര്യസ്ഥത ആണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാൽ മന്ത്രിക്കെതിരെ പാർട്ടിയിലുള്ള സിപിഎം നേതാക്കളും സാമൂഹ്യ മാധ്യമങ്ങളിലൂടെ അടക്കം വിമർശനവുമായി രംഗത്ത് എത്തിയത് പാർട്ടിക്ക് ഏറെ ക്ഷീണം ഉണ്ടാക്കിയിരിക്കുകയാണ്.

മന്ത്രി വീണാ ജോർജിനെ പരിഹസിച്ചും വിമർശിച്ചും ഉള്ള സിപിഎം നേതാക്കളുടെ പോസ്റ്റുകൾക്ക് എതിരെ അന്വേഷണം നടത്താനാണ് സിപിഎമ്മിന്‍റെ തീരുമാനം. ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുന്ന ആരോഗ്യ മന്ത്രിയെ പാർട്ടിയുടെ സംരക്ഷണഭിത്തി ഒരുക്കി രക്ഷിക്കുന്ന സിപിഎമ്മിൻ്റെ നിലപാടിനെതിരെ കടുത്ത പ്രതിഷേധം പാർട്ടി അനുഭാവികളുടെ ഭാഗത്തുനിന്നും ഉയരുന്ന സാഹചര്യമാണ് ഉള്ളത്. മെഡിക്കൽ കോളേജ് അപകടം സിസ്റ്റത്തിന്റെ വീഴ്ച്ച എന്ന് ആരോപിച്ച് ഉത്തരവാദിത്വങ്ങളിൽ നിന്ന് ഓടിയൊളിച്ചതും, യാതൊരു നിലപാടും ഇക്കാര്യത്തിൽ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാത്ത സാഹചര്യത്തിലാണ് പാർട്ടി പ്രവർത്തകർ അടക്കം വീണ ജോർജിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. അതേ സമയം ഇന്നും ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും എതിരെ കടുത്ത പ്രതിഷേധങ്ങള്‍ സംസ്ഥാനത്തൊട്ടാകെ ഉയർത്താനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം.