തനിക്കെതിരെ വ്യാജപരാതി നല്‍കിയ വീട്ടമ്മയ്‌ക്കെതിരെ കേസുകൊടുക്കുമെന്ന് മോഷണക്കുറ്റം ആരോപിച്ച് പേരൂര്‍ക്കട സ്റ്റേഷനില്‍ പീഡനത്തിന് വിധേയയായ ദളിത് യുവതി. മോഷണക്കുറ്റം ആരോപിച്ച് പൊലീസ് അപമാനിച്ച സംഭവത്തില്‍ കള്ളപ്പരാതി നല്‍കിയ വീട്ടമ്മ ഓമന ഡാനിയേലിനെതിരെ പരാതി നല്‍കുമെന്ന് ബിന്ദു പറഞ്ഞു. മാല കാണാതായ സംഭവത്തില്‍ ഓമനയുടെ മകളെ സംശയമുണ്ടെന്നും ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണം വേണമെന്നും ബിന്ദു ആവശ്യപ്പെട്ടു.സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി കന്റോണ്‍മെന്ന് അസിസ്റ്റന്റ് കമ്മീഷണറുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.
കുറ്റം സമ്മതിക്കും മുന്‍പ് ഇവരെ വീട്ടില്‍ കൊണ്ടുപോയി തെളിവെടുപ്പും പരിശോധനയും നടത്തിയത് വീഴ്ചയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വിശദമായ അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം കൂടുതല്‍ പോലിസുകാര്‍ക്കെതിരെ നടപടി ഉണ്ടാകും. പേരൂര്‍കട പോലീസ് സ്റ്റേഷനില്‍ കൂട്ട സ്ഥലംമാറ്റത്തിനും സാധ്യത തെളിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് വ്യാജമോഷണക്കുറ്റം ബിന്ദു എന്ന ദളിത് സ്ത്രീയില്‍ ആരോപിച്ച് സ്റ്റേഷനില്‍ വിളിപ്പിച്ചത്. തുടര്‍ന്ന് മണിക്കൂറുകളോളം പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിക്കുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്തു. നിരപരാധിയാണെന്ന് തെളിഞ്ഞിട്ടും ആ സ്ത്രീയെ വിട്ടയയ്ക്കാന്‍ അവര്‍ തയാറായില്ല. പരാതിയുമായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍് സെക്രട്ടറിയുടെ അടുക്കല്‍ ചെന്നപ്പോഴും കനത്ത അപമാനമാണ് ബിന്ദു നേരിട്ടത്.