വിസിമാര്‍ ഇനി നോക്കുകുത്തികള്‍…സര്‍വ്വകലാശാല ഭരിക്കാന്‍ മന്ത്രി.. നിയമഭേദഗതി ബില്ലൊരുങ്ങുന്നു

Jaihind News Bureau
Friday, February 28, 2025

ഗവര്‍ണറുടെയും വിസിയുടെയും അധികാരങ്ങള്‍ വെട്ടി കുറച്ച് , ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും , രജിസ്ട്രാര്‍ക്കും, സിന്‍ഡിക്കേറ്റിനും കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതുള്‍പ്പെടെയുള്ള നിയമഭേദഗതി ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. സര്‍ക്കാരും ഗവര്‍ണ്ണറും തമ്മില്‍ തുടരുന്ന അധികാര വടംവലിയുടെ ഏ്‌ററവും പുതിയ അടവാണിത്. സര്‍ക്കാരിന് ഏറെ ഇടപെടല്‍ സാദ്ധ്യമാകുന്ന നിര്‍ദ്ദേശങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മന്ത്രിക്കും, സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന സിന്‍ഡിക്കേറ്റുകള്‍ക്കും,കരാറടിസ്ഥാനത്തില്‍ നിയമിക്കുന്ന രജിസ്ട്രാര്‍ക്കും കൂടുതല്‍ അധികാരങ്ങള്‍ നല്‍കു ന്നതോടെ സര്‍വ്വകലാശാലകളുടെ നിലവിലെ അക്കാദമിക് സ്വാതന്ത്ര്യം നഷ്ടപ്പെടും. സര്‍വ്വകലാശാല ഭരണം പൂര്‍ണ്ണമായും രാഷ്ട്രീയവല്‍ക്കരിക്കപ്പെടുമെന്നുള്ളത് ഉറപ്പായി.

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുവാന്‍ വിസമ്മതിച്ച ‘കേരള’ വിസി യുടെ നിലപാടിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപച്ചിട്ടും എസ്എഫ്‌ഐ പ്രതിനിധികള്‍ക്ക്,’കേരള’ യില്‍ യൂണിയന്‍ രൂപീകരിക്കാനാവാത്ത അവസ്ഥയുണ്ട്. കഴിഞ്ഞവര്‍ഷമാണ് തെരഞ്ഞെടുപ്പു നടന്നത്. വോട്ടെണ്ണല്‍ രേഖകള്‍ കൂടാതെ യൂണിവേഴ്‌സിറ്റി യൂണിയനെ അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് വിസിയുടേത്. ഈ സ്ഥിതി മേലില്‍ സര്‍വ്വകലാശാലകളില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍, സെനറ്റ്, സിന്‍ഡിക്കേറ്റ്, അക്കാദമിക് കൗണ്‍സില്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ എന്നിവയിലെ തെരഞ്ഞെടുപ്പ് ഫലം വിജ്ഞാപനം ചെയ്യുന്നതിനും സമിതികള്‍ രൂപീകരിക്കുന്നതിനും വിസി മാര്‍ക്കുള്ള അധികാരം രജിസ്ട്രാര്‍മാര്‍ക്ക് കൈമാറുന്നതാണ് പുതിയ നിയമ ഭേദഗതി. മാര്‍ച്ച് മൂന്നിന് ഈ ഭേദഗതി ഉള്‍പ്പെടുന്ന ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നാണ് അറിയുന്നത്.

കരാര്‍ അടിസ്ഥാനത്തില്‍ സിന്‍ഡിക്കേറ്റ് നിയമിക്കുന്ന രജിസ്ട്രാര്‍ക്ക് വിസി യുടെ നിലവിലുള്ള പല അധികാരങ്ങളും നല്‍കി വിസി യ്ക്കുള്ള അധികാരങ്ങള്‍ ഇല്ലാതാക്കുകയും അധികാരങ്ങള്‍ റജിസ്ട്രാര്‍മാരില്‍ കേന്ദ്രീകരിക്കുകയും ചെയ്യുക എന്ന സിപിഎമ്മിന്റെ നിലപാടിന്റെ ഭാഗമായാണ് പുതിയ നിയമഭേദഗതികള്‍.സിന്‍ഡിക്കേറ്റ് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്ന ഉദ്യോഗസ്ഥനായിരിക്കും മേലില്‍ യൂണിവേഴ്‌സിറ്റി ഭരണ സമിതികള്‍ രൂപീകരിക്കുക. മന്ത്രിയ്‌ക്കോ അല്ലെങ്കില്‍ മന്ത്രി നിയോഗിക്കുന്ന വ്യക്തിക്കോ സര്‍വ്വകലാശാലയുടെ അക്കാദമിക് രംഗങ്ങളില്‍ ഉള്‍പ്പെടെ ഇടപെടാന്‍ വഴിയൊരുക്കുന്നതാണ് നിര്‍ദ്ദിഷ്ട നിയമം.

1991ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സര്‍വകലാശാലകളുടെ ഫയലുകള്‍ പരിശോധിക്കുവാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമഭേദഗതിയ്ക്ക് ശ്രമിച്ചപ്പോള്‍ യൂണിവേഴ്‌സിറ്റികളുടെ ആട്ടോണമി നഷ്ടപ്പെടുമെന്ന പേരില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിച്ച സിപിഎമ്മാണ് ഇപ്പോള്‍ സര്‍വ്വകലാശാലകളെ സര്‍ക്കാരിന്റെ ഒരു വകുപ്പിന് സമാനമാക്കി മാറ്റുന്നതിന് വിദ്യാഭ്യാസമന്ത്രിക്ക് അമിതാധികാരങ്ങള്‍ നല്‍കുന്നത്.

കേന്ദ്രസര്‍ക്കാര്‍ സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വകലാശാലകളെ പൂര്‍ണ്ണമായും ചുവപ്പുവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമഭേദഗതികള്‍ എന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയും കുറ്റപ്പെടുത്തുന്നു.