ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ള ഏകാധിപത്യപരമായ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവരെ അറസ്റ്റ് ചെയ്ത് 30 ദിവസം കസ്റ്റഡിയില്‍ വെച്ചാല്‍ തല്‍സ്ഥാനത്ത് നിന്ന് ഓട്ടോമാറ്റിക്കായി നീക്കം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന മൂന്ന് ഭരണഘടനാ വിരുദ്ധ ബില്ലുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ക്കുന്ന ഈ ‘കരിനിയമങ്ങള്‍ക്കെതിരെ’ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം സഭയ്ക്കകത്ത് ശക്തമായ പ്രതിഷേധമുയര്‍ത്തി.
ലോക്‌സഭയില്‍ നാടകീയ രംഗങ്ങള്‍
ബില്ലുകള്‍ അവതരിപ്പിച്ചയുടന്‍ തന്നെ സഭ പ്രക്ഷുബ്ധമായി. കോണ്‍ഗ്രസ് എംപിമാരുടെ നേതൃത്വത്തില്‍ പ്രതിപക്ഷം ഒന്നടങ്കം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. നിയമനിര്‍മ്മാണം ജനാധിപത്യ വിരുദ്ധമാണെന്ന് ആരോപിച്ച് ബില്ലുകളുടെ പകര്‍പ്പുകള്‍ കീറിയെറിഞ്ഞു. ബില്ലുകള്‍ ഒരു ജോയിന്റ് കമ്മിറ്റിക്ക് വിടണമെന്ന് മന്ത്രി അമിത് ഷാ നിര്‍ദ്ദേശിക്കുന്നതിനിടെ, തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ കീറിയ കടലാസ് കഷണങ്ങള്‍ ആഭ്യന്തര മന്ത്രിക്ക് നേരെ വലിച്ചെറിഞ്ഞു. ഇതോടെ സഭ അല്‍പ്പനേരം സംഘര്‍ഷഭരിതമായി.
അമിത് ഷായുടെ അറസ്റ്റ് ഓര്‍മ്മിപ്പിച്ച് കെ.സി. വേണുഗോപാല്‍
ചര്‍ച്ചയ്ക്കിടെ, സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരിക്കെ അമിത് ഷാ അറസ്റ്റിലായത് കെ സി വേണുഗോപാല്‍ എംപി സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. ‘ഈ ബില്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്നതാണ്. അമിത് ഷാ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ അറസ്റ്റിലായിരുന്നു. അന്ന് അദ്ദേഹം ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചോ?’ എന്ന് വേണുഗോപാല്‍ ചോദിച്ചു.
ഇതില്‍ ക്ഷുഭിതനായ അമിത് ഷാ, തനിക്കെതിരെയുണ്ടായിരുന്നത് വ്യാജ ആരോപണങ്ങളാണെന്നു മറുപടി നല്‍കി. കോടതി കുറ്റവിമുക്തനാക്കും വരെ താന്‍ ഒരു ഭരണഘടനാ പദവിയും വഹിച്ചിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.
ജനാധിപത്യത്തിന്റെ മരണമണി: കോണ്‍ഗ്രസ്
ഈ ബില്ലുകള്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്നതാണെന്ന് കോണ്‍ഗ്രസ് എംപി മനീഷ് തിവാരി പറഞ്ഞു. ‘കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാന്‍ ഈ ബില്‍ വാതില്‍ തുറന്നിടുന്നു. ഈ ഏജന്‍സികളുടെ ഏകപക്ഷീയമായ പ്രവര്‍ത്തനങ്ങളെ സുപ്രീം കോടതി തന്നെ പലതവണ രൂക്ഷമായി വിമര്‍ശിച്ചിട്ടുള്ളതാണ്,’ അദ്ദേഹം ചൂണ്ടിക്കാട്ടി.
സമീപകാലത്ത്, കേന്ദ്ര ഏജന്‍സികളുടെ, പ്രത്യേകിച്ച് ഇഡിയുടെ പ്രവര്‍ത്തനത്തില്‍ സുപ്രീം കോടതി തന്നെ ശക്തമായ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഏജന്‍സികള്‍ എല്ലാ പരിധികളും ലംഘിക്കുകയാണെന്നും രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തില്‍, പുതിയ നിയമം പ്രതിപക്ഷ നേതാക്കളെ വേട്ടയാടാന്‍ മാത്രമാണ് ഉപകരിക്കുകയെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ് ബില്ലെന്ന് പ്രിയങ്ക ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞു. ”നാളെ, നിങ്ങള്‍ക്ക് ഒരു മുഖ്യമന്ത്രിക്കെതിരെ ഏത് തരത്തിലുള്ള കേസും ചുമത്താം. ശിക്ഷിക്കപ്പെടാതെ 30 ദിവസത്തേക്ക് ജയിലില്‍ ഇടാം. അദ്ദേഹത്തെ മുഖ്യമന്ത്രി കസേരയില്‍ നിന്നും പുറത്താക്കാം. ഇതു തികച്ചും ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവും നിര്‍ഭാഗ്യകരവുമാണ്” പ്രിയങ്ക ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രിയെ ആര് അറസ്റ്റ് ചെയ്യുമെന്നായിരുന്നു എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസിയുടെ ചോദ്യം. രാജ്യത്ത് പൊലീസ് രാജ് നടപ്പിലാക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. അധികാരം ശാശ്വതമല്ലെന്ന് ബിജെപി മറക്കുകയാണെന്നും ഒവൈസി പറഞ്ഞു. ബില്ലുകളെ ഹിറ്റ്ലറുടെ ജര്‍മ്മനിയിലെ രഹസ്യ പോലീസ് സേനയായ ഗസ്റ്റപ്പോയോട് ഉപമിച്ചു
കയ്യാങ്കളിയോളമെത്തിയ നിലയിലായിരുന്നു സഭ. വനിതാ എംപിയെ ഒരു കേന്ദ്രമന്ത്രി മുറിവേല്‍പ്പിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. സഭയിലെ മൈക്ക് പ്രതിപക്ഷം കേടുവരുത്തിയെന്ന് ഭരണപക്ഷവും ആരോപിച്ചു . ഇരുപക്ഷവും സ്പീക്കര്‍ക്ക് പരാതി നല്‍കി
ബില്ലിലെ വിവാദ വ്യവസ്ഥ
അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ഒരു പ്രധാനമന്ത്രിയോ, മുഖ്യമന്ത്രിയോ, മന്ത്രിയോ തുടര്‍ച്ചയായി 30 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞാല്‍, 31-ാം ദിവസം അവര്‍ക്ക് തല്‍സ്ഥാനം നഷ്ടമാകും. ഇത് അഴിമതിക്കെതിരായ നീക്കമെന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുമ്പോള്‍, തിരഞ്ഞെടുപ്പിലൂടെ പരാജയപ്പെടുത്താന്‍ കഴിയാത്ത പ്രതിപക്ഷ സര്‍ക്കാരുകളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അസ്ഥിരപ്പെടുത്താനുള്ള ഗൂഢതന്ത്രമാണിതെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.