ന്യൂഡല്‍ഹി: പ്രതിപക്ഷ മുഖ്യമന്ത്രിമാരെ ഉള്‍പ്പടെ അന്യായമായി അറസ്റ്റ് ചെയ്ത് അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ലക്ഷ്യമിട്ടുള്ള ‘കരിനിയമ’വുമായി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും തുടര്‍ച്ചയായി 30 ദിവസം കസ്റ്റഡിയില്‍ വെച്ചാല്‍ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന മൂന്ന് ബില്ലുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഇത് ജനാധിപത്യത്തെ അട്ടിമറിക്കാനും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുമുള്ള ബിജെപിയുടെ ഗൂഢനീക്കമാണെന്ന് കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചു.
ലോക്‌സഭയില്‍ ബില്ലുകള്‍ അവതരിപ്പിച്ചയുടന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ബില്ലുകളുടെ പകര്‍പ്പുകള്‍ കീറിയെറിഞ്ഞ പ്രതിപക്ഷ എംപിമാര്‍, ഇത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ആരോപിച്ചു.
ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ് എംപി കെ.സി. വേണുഗോപാല്‍, സൊഹ്റാബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ അറസ്റ്റിലായത് ഓര്‍മ്മിപ്പിച്ചു. ‘ഈ ബില്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്നതാണ്. അമിത് ഷാ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ അറസ്റ്റിലായി. അന്ന് അദ്ദേഹം ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചോ?’ എന്ന് വേണുഗോപാല്‍ ചോദിച്ചു. ഇത് സഭയില്‍ ഭരണ-പ്രതിപക്ഷ വാഗ്വാദത്തിന് കാരണമായി. ബില്ലിന്റെ കോപ്പികള്‍ അംഗങ്ങള്‍ സഭയില്‍ കീറിയെറിഞ്ഞു. വിശദമായ ചര്‍ച്ചകള്‍ക്ക് ബില്‍ ജെപിസിയ്ക്ക് വിടാമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനായി 31 അംഗ കമ്മിറ്റി രൂപീകരിക്കും. ലോക് സഭയില്‍ നിന്ന് 21 പേരും രാജ്യസഭയില്‍ നിന്ന് 10 പേരുമാണ് ഇതില്‍ ഉണ്ടാവുക.
തിരഞ്ഞെടുപ്പിലൂടെ പരാജയപ്പെടുത്താന്‍ കഴിയാത്ത പ്രതിപക്ഷ മുഖ്യമന്ത്രിമാരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അന്യായമായി അറസ്റ്റ് ചെയ്ത് പുറത്താക്കാനുള്ള കുറുക്കുവഴിയാണ് ഈ നിയമമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്വി എക്സില്‍ കുറിച്ചു. വിഷലിപ്തമായ നീക്കമെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്ത് അവരെ പുറത്താക്കുകയാണ് ലക്ഷ്യം. അദ്ദേഹം ആരോപിച്ചു
ബില്ലിലെ വിവാദ വ്യവസ്ഥകള്‍
അഴിമതി വിരുദ്ധമെന്ന പേരില്‍ അവതരിപ്പിച്ച ഈ ബില്ലുകള്‍ പ്രകാരം, അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ഒരു പ്രധാനമന്ത്രിയോ, മുഖ്യമന്ത്രിയോ, മന്ത്രിയോ തുടര്‍ച്ചയായി 30 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞാല്‍, 31-ാം ദിവസം അവര്‍ക്ക് തല്‍സ്ഥാനം നഷ്ടമാകും. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, തമിഴ്നാട് മന്ത്രി വി. സെന്തില്‍ ബാലാജി തുടങ്ങിയവര്‍ ജയിലില്‍ കഴിയുമ്പോഴും പദവികളില്‍ തുടര്‍ന്ന സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഈ നീക്കത്തെ ന്യായീകരിക്കുന്നത്.
എന്നാല്‍, ഇത് കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയും കേന്ദ്രത്തിനെതിരെ രംഗത്തെത്തി. ജനാധിപത്യത്തെ തകര്‍ക്കാനും ജനവിധി അട്ടിമറിച്ച് സംസ്ഥാന സര്‍ക്കാരുകളെ താഴെയിറക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ബിജെപിയുടെ ഏകാധിപത്യപരമായ നീക്കമാണിതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.