ബില്‍ക്കിസ് ബാനോ കൂട്ടബലാത്സംഗക്കേസ്; പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതില്‍ സുപ്രീം കോടതി വിധി ഇന്ന്

Jaihind Webdesk
Monday, January 8, 2024

 

ന്യൂഡല്‍ഹി: ബിൽക്കിസ് ബാനോ കൂട്ട ബലാത്സംഗ കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകിയതിനെതിരായ ഹർജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് വിധി പറയുന്നത്. ഗുജറാത്ത് കലാപക്കേസിലെ 11 കുറ്റവാളികള്‍ക്ക് ശിക്ഷായിളവ് നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതി ഇന്ന് വിധി പറയുന്നത്.

കേസില്‍ ശിക്ഷാ ഇളവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാരിന്‍റെ നടപടി ചോദ്യം ചെയ്തുളള ഹര്‍ജികളിലാണ് വിധി. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജ്വല്‍ ഭുയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പറയുന്നത്. ശിക്ഷാ ഇളവ് നേടിയവര്‍ 14 കൊലപാതക കേസുകളിലും മൂന്ന് കൂട്ട ബലാത്സംഗ കേസുകളിലും പ്രതികളാണ്. ബിൽക്കിസ് ബാനോയും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയും സിപിഎം നേതാവ് സുഭാഷിണി അലിയും പ്രത്യേകം നൽകിയ ഹർജികളാണ് കോടതി വാദം കേട്ടത്.

ചെയ്ത കുറ്റകൃത്യത്തിന്‍റെ ഗൗരവം പരിഗണിച്ചാല്‍ ശിക്ഷായിളവ് അര്‍ഹിക്കുന്നില്ല, മതവിരുദ്ധത മുന്‍നിര്‍ത്തിയാണ് കുറ്റകൃത്യങ്ങളുടെ പരമ്പര നടത്തിയത്, സാമൂഹിക പ്രത്യാഘാതം പരിഗണിക്കാതെയാണ് ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനമെടുത്തത്, കുറ്റകൃത്യം ചെയ്തവര്‍ ഇളവ് അര്‍ഹിക്കുന്നില്ല എന്നുമായിരുന്നു ബില്‍ക്കിസ് ബാനുവിന് വേണ്ടി ഹാജരായ അഭിഭാഷക ശോഭ ഗുപ്തയുടെ വാദം.

1992-ലെ ശിക്ഷാ ഇളവ് നയപ്രകാരമാണ് തീരുമാനമെടുത്തത് എന്നായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്‍റെ മറുപടി വാദം. 2002ലെ ഗുജറാത്ത് കലാപത്തിലാണ് ബിൽക്കിസ് ബാനോയും കുടുംബവും കൊടുംക്രൂരതയ്ക്ക് ഇരയായത്. അഞ്ചു മാസം ഗർഭിണിയായിരുന്ന ബിൽക്കിസിനെ കൂട്ടമാനഭംഗത്തിനിരയാക്കി. ആദ്യകുഞ്ഞിനെ അക്രമികൾ കല്ലുകൊണ്ട് ഇടിച്ചുകൊന്നു. അമ്മയെ അടക്കം കൂട്ടമാനഭംഗം ചെയ്തു. കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടു. കേസിൽ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ച 11 കുറ്റവാളികളെ 2022 ആഗസ്റ്റ് 15നാണ് മോചിപ്പിച്ചത്.

14 വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയ 11 പ്രതികളെയും അവരുടെ പെരുമാറ്റം നല്ലതാണെന്ന് കണ്ടാണ് വിട്ടയക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചത്. മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിര ജയ്‌സിംഗ്, അഭിഭാഷകരായ വൃന്ദ ഗ്രോവര്‍, അപര്‍ണ ഭട്ട്, നിസാമുദ്ദീന്‍ പാഷ, പ്രതീക് ആര്‍. ബോംബാര്‍ഡെ എന്നിവരാണ് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ച വിവിധ കക്ഷികളെ പ്രതിനിധീകരിച്ച് സുപ്രീം കോടതിയില്‍ ഹാജരായത്.