കണ്ണൂരില്‍ വിദ്യാര്‍ത്ഥിനിയെ പ്രണയിച്ച യുവാവിനെ ആക്രമിച്ചു

Jaihind Webdesk
Thursday, January 24, 2019

കണ്ണൂര്‍: പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ യുവാവിന് നേരെ അക്രമവും വീടിന് തീയിടലും.  കക്കാട് അതിരകത്തെ മുഹമ്മദ് അസ്‌കറി (28) നെയാണ് പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുവും ചേര്‍ന്ന് അക്രമിച്ചത്. ഇന്നലെ പുലര്‍ച്ചെ യുവാവിന്റെ വീടിന് തീയിട്ടു. വീട് ഭാഗികമായി കത്തി നശിച്ചു. വിട്ടിലെ ഫര്‍ണിച്ചറും ടി.വി,യും വീടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കും വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും കത്തി നശിച്ചു.
സംഭവം നടക്കുമ്പോള്‍ അസ്‌കറിന്റെ ഉപ്പയും ഉമ്മയും പെങ്ങളും അനിയനും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. ചെവ്വാഴ്ച വൈകുന്നേരം അക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് അസ്‌കര്‍ എ.കെ ജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മൂന്ന് വര്‍ഷം മുമ്പാണ് എംബിബിഎസിനു പഠിക്കുന്ന 21 വയസുകാരിയായ പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയത്തിലാകുന്നത്. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സംഭവം അറിഞ്ഞതോടെ പെണ്‍കുട്ടിയെ വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയും വീട്ടില്‍ പൂട്ടിയിടുകയും ചെയ്തു.ഇതറിഞ്ഞ അസ്‌കര്‍ പെണ്‍കുട്ടിയെ വിളിച്ചിറക്കി കൊണ്ടുവന്നു. ദിവസത്തിന് ശേഷം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹം നടത്തി കൊടുക്കാം പെണ്‍കുട്ടിയെ ഇനി ഉപദ്രവിക്കില്ല എന്ന് ഉറപ്പ് നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കൂട്ടിക്കൊണ്ട് പോയി. എന്നാല്‍ വീട്ടുകാര്‍ വീണ്ടും ഇതുപോലെ തന്നെ തുടര്‍ന്നു. പെണ്‍കുട്ടി തിരിച്ച് ഹോസ്റ്റലില്‍ എത്തിയ ശേഷം അസ്‌കറിനെ വിളിച്ച് വീട്ടുകാര്‍ തന്നെ വീണ്ടും മര്‍ദിച്ചുവെന്നും കൂട്ടിക്കൊണ്ട് പോകണമെന്നും പറഞ്ഞുവത്രേ. എന്നാല്‍ ഇതറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അവളെ വീട്ടില്‍ കൊണ്ടുപോയി പൂട്ടിയിട്ടു. അസ്‌കറിന്റെ വീട്ടില്‍ എത്തി അസ്‌കറിനെയും സുഹൃത്ത് നൗഷാദിനെയും അക്രമിക്കുകയും നാളെ രാവിലെ ആകുമ്പോഴേക്ക് മുഴുവന്‍ കത്തിക്കും എന്ന് ഭീഷണി മുഴക്കുകയും ചെയ്തുവത്രേ.  ഇതുമായി ബന്ധപ്പെട്ട് ടൗണ്‍ എസ് ഐ ശ്രീജിത്ത് കൊടേരിക്ക് പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടിയെ വനിത സ്റ്റേഷനില്‍ എത്തിച്ച് മൊഴിയെടുത്തു. പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുവും കസ്റ്റഡിയിലാണ്.