ബിജു മോന്‍റേത് ആത്മഹത്യയല്ല, ഭരണകൂട കൊലപാതകം; വിഡി സതീശന്‍

Jaihind Webdesk
Friday, February 10, 2023

തിരുവനന്തപുരം: കൊല്ലത്ത് സാക്ഷരതാ പ്രേരകായ ബിജു മോന്‍റേത് ആത്മഹത്യയല്ല, ഭരണകൂട കൊലപാതകമാണെന്ന്  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബിജു മോൻ്റെ വീട്ടിൽ നിന്നും മടങ്ങിയ ശേഷം പ്രതിപക്ഷ നേതാവ് ഫേസ് ബുക്കില്‍ കുറിച്ചു. കൂടെ ബിജു മോന്‍ പാടിയ കവിതയും

വിഡി സതീശന്‍റെ ഫേസ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം
രണ്ടു പതിറ്റാണ്ടിലേറെ സാക്ഷരതാ പ്രേരകാണ് ബിജു മോൻ. എത്രയോ പേർക്ക് അക്ഷരത്തിൻ്റെ വെളിച്ചം പകർന്നു കൊടുത്തയാൾ. ജീവിതത്തിൻ്റെ വെളിച്ചംകെട്ട ആ നിമിഷത്തിലാകും അയാൾ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചത്.
പത്തനാപുരത്തെ ബിജു മോൻ്റെ വീട്ടിൽ ഇന്ന് പോയിരുന്നു. 6 മാസത്തിലധികം കുടിശികയായ സർക്കാർ ഓണറേറിയം കിട്ടിയിട്ട് അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാൻ കാത്തിരുന്ന മകനായിരുന്നു അയാൾ.

പച്ചക്കറി വാങ്ങാൻ പോലും പണമില്ലാതെ നിസഹായാവസ്ഥയിലായിപ്പോയ കുടുംബനാഥൻ. ബിജു മോന്റേത് ആത്മഹത്യയല്ല ഭരണകൂട കൊലപാതകമാണ്. പ്രതിപക്ഷ നേതാവെന്ന നിലയിൽ പ്രേരക്മാരുടെ സമരപന്തലിൽ എത്തിയിരുന്നു. വിഷയം നിയമസഭയിൽ ഉന്നയിച്ചിരുന്നു. എന്നിട്ടും ബജറ്റിൽ പോലും അവരെ പരിഗണിക്കാത്തത് വേദനാജനകമാണ്.

സ്വന്തം ജോലിയിൽ അങ്ങേയറ്റം അത്മാർത്ഥതയുള്ള ആളായിരുന്നു ബിജു മോനെന്നതിന് തെളിവ് രാഷ്ട്രപതി നൽകിയ പുരസ്കാരമാണ്. ഇനി ചർച്ചകൾക്കോ കൂടിയാലോചനകൾക്കോ പ്രസക്തിയില്ല. പ്രേരക്മാരുടെ ഓണറേറിയം കുടിശിക ഉടൻ നൽകണം. ഇനിയും രക്തസാക്ഷികളെ സൃഷ്ടിക്കരുത്.
ബിജു മോൻ്റെ വീട്ടിൽ നിന്നും മടങ്ങവെ അദ്ദേഹം പണ്ട് പാടിയ പട്ടുകളിൽ ഒരെണ്ണം അവിചാരിതമായി കണ്ടു. അദ്ദേഹത്തിൻ്റെ സംഗീതവും ചിരിയും കേരളീയ സമൂഹത്തെയാകെ പൊള്ളിക്കുന്നുണ്ട്.
#Govt_sponsored_murder #budgetvictim