പുരുഷാധിപത്യത്തിനെതിരെ പറഞ്ഞ ബിജിമോളും പുറത്ത്; സിപിഐയില്‍ വെട്ടിനിരത്തല്‍

Jaihind Webdesk
Monday, October 3, 2022

 

തിരുവനന്തപുരം: സിപിഐ ജില്ലാ നേതൃത്വവുമായി പരസ്യമായി ഉടക്കിയ ഇ.എസ് ബിജിമോള്‍ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുറത്ത്. സംസ്ഥാന കൗൺസിലേക്കുള്ള പട്ടികയിൽ ഉൾപെടുത്താന്‍ തയാറാകാതിരുന്ന ഇടുക്കി ജില്ലാ ഘടകം മുന്‍ എംഎല്‍എ കൂടിയായ ബിജിമോളെ പാർട്ടി കോൺഗ്രസ് പ്രതിനിധിയായും നിർദേശിച്ചില്ല. പ്രായപരിധിയെ ചോദ്യം ചെയ്ത് എത്തിയ സി ദിവാകരനെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് ബിജിമോളെയും നീക്കിയത്.

ഇടുക്കിയില്‍ നിന്നും സംസ്ഥാന കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജിമോളെ ഒഴിവാക്കിയ ജില്ലാ ഘടകം അവരെ പാർട്ടി കോൺഗ്രസ് പ്രതിനിധിയായും നിർദേശിച്ചില്ലെന്നതാണ് ശ്രദ്ധേയം. സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെ നേതൃത്വത്തിനെതിരെ ഇ.എസ് ബിജിമോള്‍ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പാർട്ടിയില്‍ പുരുഷ മേധാവിത്വമാണെന്ന് പറഞ്ഞ ബിജിമോള്‍ രാഷ്ട്രീയ രം​​ഗത്തെ സ്ത്രീപ്രാധാന്യത്തെക്കുറിച്ച്  വാതോരാതെ സംസാരിക്കുന്നവരുടെ പ്രവൃത്തിയില്‍ അതില്ലെന്നും തുറന്നടിച്ചിരുന്നു.

ബിജിമോളുടെ ഫേസ്ബുക്ക് പോസ്റ്റിലെ തുറന്നെഴുത്ത് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ബിജിമോള്‍ക്ക് എല്ലാം നല്‍കിയ പാര്‍ട്ടിയെക്കുറിച്ച് ഇത്തരത്തില്‍ പറഞ്ഞത് ദൗർഭാഗ്യകരമായിപോയെന്നായിരുന്നു ജില്ലാ നേതൃത്വത്തിന്‍റെ പ്രതികരണം. അതിനിടെ കൊല്ലം ജില്ലയില്‍ നിന്നുള്ള സംസ്ഥാന കൗണ്‍സില്‍ പട്ടികയില്‍ എംഎല്‍എ ജി.എസ് ജയലാലിനെയും ഉള്‍പ്പെടുത്തിയിട്ടില്ല. എന്തായാലും സിപിഐയില്‍ വെട്ടിനിരത്തല്‍ തുടരുകയാണ്.

രൂക്ഷമായ വിഭാഗീയതയ്ക്കും വലിയ തർക്കങ്ങള്‍ക്കുമിടെയാണ് ഇത്തവണത്തെ സിപിഐ സംസ്ഥാന സമ്മേളനം പുരോഗമിക്കുന്നത്. നിലവിലെ നേതൃത്വത്തെയും പ്രായപരിധി ഏര്‍പ്പെടുത്തുന്നതിനെയും ചോദ്യം ചെയ്തെത്തിയ മുതിർന്ന നേതാവ് സി ദിവാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ നിലംപരിശാക്കി കാനം പക്ഷം കൂടുതല്‍ കരുത്താർജിക്കുന്നതാണ് കാണാനാകുന്നത്. അതിനിടെ സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്ക്ക് സമവായത്തിനുള്ള നീക്കത്തിലാണ് കേന്ദ്ര നേതൃത്വം. വിമതപക്ഷത്തിന്‍റെ സ്ഥാനാര്‍ത്ഥിയായി വി.എസ് സുനില്‍കുമാറിന്‍റെയും സി.എന്‍ ചന്ദ്രന്‍റെയും പേര് പരിഗണനയിലുണ്ട്.