പട്‌ന : പിതാവ് നഷ്ടപ്പെട്ട ബിഹാറിലെ ‘സൈക്കിള്‍ ഗേള്‍’ ജ്യോതി കുമാറിന് സഹായവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ജ്യോതിയുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള ചെലവുകള്‍ വഹിക്കുമെന്ന് പ്രിയങ്ക ഗാന്ധി അറിയിച്ചു. പ്രിയങ്കയുടെ നിര്‍ദേശപ്രകാരം ജ്യോതിയുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തതായി ബിഹാറിലെ കോണ്‍ഗ്രസ് നേതാവ് ഡോ. മദന്‍ മോഹന്‍ ഝായും പറഞ്ഞു.
ജ്യോതിയുമായി ഫോണില്‍ സംസാരിച്ച പ്രിയങ്ക ഗാന്ധി അവരെ അനുശോചനം അറിയിച്ചു. ആദ്യ ലോക്ഡൗണിന്റെ സമയത്ത് പിതാവുമായി 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി നാട്ടിലെത്തി താരമായ ജ്യോതികുമാരിക്ക് (15) ജൂണ്‍ ആദ്യമാണ് അച്ഛനെ നഷ്ടമായത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഇ-റിക്ഷ ഡ്രൈവറായ മോഹന്‍ പസ്വാന്‍ മരിച്ചത്. അച്ഛന്‍ മരിച്ചതോടെ നിത്യച്ചെലവിനു പണം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ജ്യോതി. പ്രിയങ്കയെ നേരിട്ട് കാണണമെന്ന് ജ്യോതി ആഗ്രഹം പ്രകടിപ്പിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ച ശേഷം ഡല്‍ഹിയില്‍ കാണാമെന്ന് പ്രിയങ്ക അറിയിച്ചു.
ഡല്‍ഹിക്കു സമീപം ഗുഡ്ഗാവിലായിരുന്നു ബിഹാര്‍ സ്വദേശിയായ മോഹന്‍ പസ്വാന്‍ ഇ-റിക്ഷ ഓടിച്ചിരുന്നത്. 2020 മാര്‍ച്ചില്‍ അപകടത്തെത്തുടര്‍ന്ന് വിശ്രമിക്കുകയായിരുന്ന പിതാവിനെ കാണാന്‍ ജ്യോതികുമാരിയെത്തിയതിനു പിന്നാലെയാണ് രാജ്യവ്യാപക ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. പൊതുഗതാഗത സംവിധാനങ്ങളെല്ലാം നിശ്ചലമായതിനെത്തുടര്‍ന്ന് സൈക്കിളിലാണ് സ്വന്തം നാടായ ബിഹാറിലെ ദര്‍ഭംഗയിലേക്ക് ഇരുവരും പോയത്.