ന്യൂഡല്‍ഹി: ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടര്‍ പട്ടികയില്‍ പ്രത്യേക തീവ്രപരിശോധന (Special Intensive Revision) നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന്റെ സമയക്രമത്തെ സുപ്രീം കോടതി ചോദ്യം ചെയ്തു. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഇത്തരമൊരു നീക്കം നടത്തുന്നത് എന്തിനാണെന്ന് കോടതി ആരാഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. പൗരന്മാരല്ലാത്തവര്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്താന്‍ തീവ്രമായ പരിശോധന നടത്തുന്നതില്‍ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ‘തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയല്ല പ്രശ്നം, അതിന്റെ സമയമാണ്,’ കോടതി പറഞ്ഞു.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ വോട്ടര്‍ പട്ടികയില്‍ വലിയ തോതിലുള്ള കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും നടന്നിട്ടുണ്ടെന്നും, ഇത് ഇരട്ടപ്പേരുകള്‍ കടന്നുകൂടാനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ മാസം പ്രത്യേക പരിശോധനയ്ക്ക് ഉത്തരവിട്ടത്. കോണ്‍ഗ്രസും ആര്‍ജെഡിയും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ശങ്കരനാരായണന്‍, ഈ നടപടി തികച്ചും ഏകപക്ഷീയവും വിവേചനപരവുമാണെന്ന് വാദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരത്തെയല്ല, മറിച്ച് അത് നടപ്പാക്കുന്ന രീതിയെയാണ് താന്‍ ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പരിശോധനാ വേളയില്‍ അപേക്ഷകര്‍ക്ക് ഹാജരാക്കാവുന്ന 11 രേഖകളുടെ പട്ടികയില്‍ നിന്ന് ആധാര്‍ കാര്‍ഡിനെയും വോട്ടര്‍ ഐഡി കാര്‍ഡിനെയും ഒഴിവാക്കിയതും വലിയ തര്‍ക്കവിഷയമായി. സ്വീകാര്യമായ രേഖകളുടെ പട്ടികയില്‍ നിന്ന് ആധാര്‍ ഒഴിവാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ സുപ്രീം കോടതി ചോദ്യം ചെയ്തു. ഇതിന് മറുപടിയായി, ആധാര്‍ പൗരത്വത്തിനുള്ള തെളിവായി ഉപയോഗിക്കാന്‍ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ അത് മറ്റൊരു വിഷയമാണെന്നും, ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ആഭ്യന്തര മന്ത്രാലയമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷനല്ലെന്നും കോടതി തിരിച്ചടിച്ചു.