Election Commission| ബിഹാറിലെ വോട്ടര്‍ പട്ടിക: ഒഴിവാക്കിയ 65 ലക്ഷം പേരുടെ വിവരങ്ങള്‍ നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം; തിരഞ്ഞെടുപ്പ് കമ്മീഷനോട് റിപ്പോര്‍ട്ട് തേടി

Jaihind News Bureau
Wednesday, August 6, 2025

Election-Commission-Ballots

ന്യൂഡല്‍ഹി: ബിഹാറില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതായി പറയുന്ന 65 ലക്ഷത്തോളം വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ ഓഗസ്റ്റ് 9-നകം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് (ഇസി) നിര്‍ദേശിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇതിനകം കൈമാറിയ വിവരങ്ങള്‍ എന്‍ജിഒ ആയ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിനും (ADR) നല്‍കണമെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയാന്‍, എന്‍. കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിര്‍ദേശം നല്‍കിയത്. ബിഹാറില്‍ വോട്ടര്‍ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കലിന് (Special Intensive Revision – SIR) നിര്‍ദേശം നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ജൂണ്‍ 24-ലെ ഉത്തരവിനെ ചോദ്യം ചെയ്ത് എഡിആര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷം പേരുടെ പേരുകള്‍ പ്രസിദ്ധീകരിക്കണമെന്നും, അവര്‍ മരിച്ചവരാണോ, സ്ഥിരമായി താമസം മാറിയവരാണോ, അതോ മറ്റ് കാരണങ്ങളാല്‍ ഒഴിവാക്കപ്പെട്ടവരാണോ എന്ന് വ്യക്തമാക്കണമെന്നും എഡിആര്‍ അപേക്ഷയില്‍ ആവശ്യപ്പെട്ടു.

കോടതിയിലെ വാദങ്ങള്‍

ഇതൊരു കരട് പട്ടിക മാത്രമായതിനാല്‍, ഒഴിവാക്കാനുള്ള കാരണം പിന്നീടേ വ്യക്തമാകൂ എന്ന് ബെഞ്ച് എന്‍ജിഒയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനോട് പറഞ്ഞു. എന്നാല്‍, ഒഴിവാക്കപ്പെട്ടവരുടെ പട്ടിക ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും, എന്നാല്‍ അവര്‍ മരിച്ചവരാണോ താമസം മാറിയവരാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ലെന്നും പ്രശാന്ത് ഭൂഷണ്‍ വാദിച്ചു.

ഇതോടെ, ‘ബാധിക്കപ്പെടാന്‍ സാധ്യതയുള്ള ഓരോ വോട്ടര്‍മാരുടെയും വിവരങ്ങള്‍ ഞങ്ങള്‍ പരിശോധിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശനിയാഴ്ചയ്ക്കകം മറുപടി നല്‍കുക. പ്രശാന്ത് ഭൂഷണ്‍ അത് പരിശോധിക്കട്ടെ, അതിന് ശേഷം എന്തെല്ലാം വിവരങ്ങളാണ് വെളിപ്പെടുത്തിയതെന്നും അല്ലാത്തതെന്നും നമുക്ക് നോക്കാം,’ എന്ന് ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകനോട് പറഞ്ഞു.

പുതുതായി പട്ടികയില്‍ ചേര്‍ത്ത 75 ശതമാനം വോട്ടര്‍മാരും നിര്‍ബന്ധമാക്കിയ 11 അനുബന്ധ രേഖകളില്‍ ഒന്നുപോലും നല്‍കിയിട്ടില്ലെന്നും ബൂത്ത് ലെവല്‍ ഓഫീസറുടെ (ബിഎല്‍ഒ) ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇവരെ ഉള്‍പ്പെടുത്തിയതെന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.

മുന്‍ നിലപാടുകള്‍ ആവര്‍ത്തിച്ച് കോടതി

ഹര്‍ജികള്‍ ഓഗസ്റ്റ് 12-ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ബിഹാറിലെ വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടി ഒരു ജുഡീഷ്യല്‍ അതോറിറ്റി എന്ന നിലയില്‍ തങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും, വോട്ടര്‍മാരെ കൂട്ടത്തോടെ ഒഴിവാക്കിയാല്‍ ഉടന്‍ ഇടപെടണമെന്നും ജൂലൈ 29-ന് കോടതി വ്യക്തമാക്കിയിരുന്നു.

‘കൂട്ടത്തോടെ ഒഴിവാക്കുന്നതിന് പകരം കൂട്ടത്തോടെ ഉള്‍പ്പെടുത്തുകയായിരിക്കണം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം’ എന്ന് ജൂലൈ 28-ന് കോടതി നിരീക്ഷിച്ചിരുന്നു. ആധാര്‍, വോട്ടര്‍ ഐഡി കാര്‍ഡുകള്‍ എന്നിവ സാധുവായ രേഖകളായി പരിഗണിക്കണമെന്നും കോടതി അന്ന് നിര്‍ദേശിച്ചു. കൂടാതെ, നടപടിക്രമങ്ങളില്‍ എന്തെങ്കിലും നിയമലംഘനം കണ്ടെത്തിയാല്‍ മുഴുവന്‍ പ്രക്രിയയും റദ്ദാക്കാന്‍ കോടതിക്ക് അധികാരമുണ്ടെന്നും അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.