ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് തിരിച്ചറിയല്‍ രേഖയായി ആധാര്‍ കാര്‍ഡ് പരിഗണിക്കണമെന്ന് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കി. നിലവിലുള്ള 11 തിരിച്ചറിയല്‍ രേഖകള്‍ക്ക് പുറമെ 12-ാമത്തെ രേഖയായാണ് ആധാര്‍ പരിഗണിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. അതേസമയം, ആധാര്‍ പൗരത്വത്തിന്റെ രേഖയായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി ഒരു വോട്ടര്‍ സമര്‍പ്പിക്കുന്ന ആധാര്‍ കാര്‍ഡ് നമ്പറിന്റെ ആധികാരികത ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കഴിയണമെന്നും കോടതി വ്യക്തമാക്കി. രാജ്യത്തെ പൗരന്മാര്‍ക്ക് തങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ അവകാശമുണ്ട്. എന്നാല്‍ വ്യാജമായി പൗരത്വം അവകാശപ്പെടുന്നവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ തുടരാന്‍ അവകാശമില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
2016-ലെ ആധാര്‍ നിയമത്തിലെയും ജനപ്രാതിനിധ്യ നിയമത്തിലെയും വ്യവസ്ഥകള്‍ പരാമര്‍ശിച്ചുകൊണ്ട്, ആധാര്‍ കാര്‍ഡിനെ പൗരത്വത്തിന്റെ തെളിവായിട്ടല്ല, മറിച്ച് തിരിച്ചറിയല്‍ രേഖയായി മാത്രമാണ് കണക്കാക്കേണ്ടതെന്നും ബെഞ്ച് പറഞ്ഞു. കരട് വോട്ടര്‍ പട്ടികയില്‍ 7.24 കോടി വോട്ടര്‍മാരുണ്ടെന്നും ഇതില്‍ 99.6% പേരും രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയെ അറിയിച്ചു. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് മുന്‍പ് സംസ്ഥാനത്ത് 7.9 കോടി വോട്ടര്‍മാരുണ്ടായിരുന്നു. ഓഗസ്റ്റ് 1-ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ തിരുത്തലുകള്‍ വരുത്താനും പരാതികള്‍ സമര്‍പ്പിക്കാനുമുള്ള അവസാന തീയതി സെപ്റ്റംബര്‍ 1 ആയിരുന്നു. അന്തിമ വോട്ടര്‍ പട്ടിക സെപ്റ്റംബര്‍ 30-ന് പ്രസിദ്ധീകരിക്കും.