
പട്ന: രാജ്യശ്രദ്ധ ആകര്‍ഷിച്ച ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കും. ആര്‍ജെഡി, കോണ്‍ഗ്രസ് എന്നിവരടങ്ങുന്ന ‘ഇന്ത്യാ’ സഖ്യവും, ജെഡിയു-ബിജെപി കൂട്ടുകെട്ടിലുള്ള എന്‍ഡിഎയും തമ്മിലാണ് പ്രധാന പോരാട്ടം. സംസ്ഥാനത്തെ 46 കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. തെരഞ്ഞെടുപ്പ് കമ്മിഷന്റെ (ഇസിഐ) നിര്‍ദേശപ്രകാരം എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും ത്രിതല സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം തങ്ങള്‍ക്ക് അനുകൂലമാകുമെന്നും, തേജസ്വി യാദവും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടുന്ന കൂട്ടുകെട്ട് വിജയിക്കുമെന്നും ‘ഇന്ത്യാ’ സഖ്യം പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തുടനീളമുള്ള വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ രാവിലെ 8 മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ മണിക്കൂറുകളില്‍ തപാല്‍ വോട്ടുകളാണ് എണ്ണുക. ഉച്ചയോടെ വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
75 സീറ്റുകള്‍ നേടി ആര്‍ജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും 125 സീറ്റുകളോടെ എന്‍ഡിഎ സഖ്യം അധികാരം നിലനിര്‍ത്തി. 2005-ല്‍ അധികാരത്തിലെത്തിയ ശേഷം നിതീഷ് കുമാര്‍ നടത്തിയ നിരവധി സഖ്യമാറ്റങ്ങളാണ് ബിഹാര്‍ രാഷ്ട്രീയത്തെ എന്നും ചര്‍ച്ചാവിഷയമാക്കുന്നത്. 2022-ല്‍ ബിജെപിയെ വിട്ട് മഹാസഖ്യത്തില്‍ പോയ ശേഷം 2024-ല്‍ അദ്ദേഹം വീണ്ടും ബിജെപിയിലേക്ക് മടങ്ങിയിരുന്നു. 1990-ല്‍ ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായതോടെ ജാതി സമവാക്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ‘മണ്ഡല്‍ രാഷ്ട്രീയം’ ബിഹാറില്‍ ശക്തമായി. 1990 മുതല്‍ 2005 വരെ അദ്ദേഹവും പത്നി റാബ്രി ദേവിയുമായിരുന്നു സംസ്ഥാനം ഭരിച്ചത്.
തൊഴിലില്ലായ്മ, അടിസ്ഥാന സൗകര്യ വികസനത്തിലെ അപര്യാപ്തത, അഴിമതി ആരോപണങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് ഈ തിരഞ്ഞെടുപ്പില്‍ പ്രധാനമായും ചര്‍ച്ചയായത്. യുവാക്കളുടെ പ്രശ്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയ തേജസ്വി യാദവിന്റെയും രാഹുല്‍ ഗാന്ധിയുടെയും പ്രചാരണ രീതിക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ബിഹാറിന്റെ രാഷ്ട്രീയ ഭാവി നിര്‍ണ്ണയിക്കുന്ന ഈ ഫലം പുറത്തുവരുമ്പോള്‍, ജനവിധി ആര്‍ക്കനുകൂലമാകും എന്നറിയാന്‍ രാജ്യം ആകാംഷയോടെ കാത്തിരിക്കുകയാണ്.