ബിഹാറിലെ കരട് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും ഒഴിവാക്കുന്നതിനുമായി 1.95 ലക്ഷത്തിലധികം അപേക്ഷകള്‍ ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യാഴാഴ്ച അറിയിച്ചു. ഇതില്‍ 25,000 അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിച്ചതായും കമ്മീഷന്‍ വ്യക്തമാക്കി. ആകെ ലഭിച്ച 1,95,802 അപേക്ഷകളില്‍ ഇനം തിരിച്ച് വ്യക്തമാക്കിയിട്ടില്ല. ഇവയില്‍ എത്രയെണ്ണം കേൂട്ടിച്ചേര്‍ക്കലുമായി ബന്ധപ്പെട്ടതാണെന്നോ ഒഴിവാക്കലുമായി ബന്ധപ്പെട്ടതാണെന്നോ വ്യക്തമാക്കിയിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച്, തിങ്കളാഴ്ച വരെ കരട് പട്ടികയിലുള്ള 7.24 കോടി വോട്ടര്‍മാരില്‍ 99.11 ശതമാനം പേരുടെയും രേഖകള്‍ ലഭിച്ചിട്ടുണ്ട്.
അവകാശവാദങ്ങളും ആക്ഷേപങ്ങളും സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിക്കാന്‍ നാല് ദിവസം മാത്രമാണ് ശേഷിക്കുന്നത്. കരട് പട്ടികയിലെ തെറ്റുകള്‍ തിരുത്തുന്നതിനും വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ രേഖകള്‍ സമര്‍പ്പിക്കുന്നതിനും പൗരന്മാര്‍ക്ക് അവകാശവാദങ്ങളും ആക്ഷേപങ്ങളും ഉന്നയിക്കാന്‍ അവസരം ലഭ്യമാണെന്ന് ഓഗസ്റ്റ് 24 ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ജൂണ്‍ 24 മുതല്‍ ഓഗസ്റ്റ് 24 വരെ 60 ദിവസത്തെ സമയപരിധിക്കുള്ളില്‍ 98.2 ശതമാനം വോട്ടര്‍മാരും രേഖകള്‍ സമര്‍പ്പിച്ചതായി കമ്മീഷന്‍ അവകാശപ്പെടുന്നത്. അതേസമയം, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കുന്നവരില്‍ നിന്ന് ആധാര്‍ കാര്‍ഡോ അംഗീകൃത മറ്റ് 11 തിരിച്ചറിയല്‍ രേഖകളോ സ്വീകരിക്കാന്‍ സുപ്രീം കോടതി കമ്മീഷനോട് നിര്‍ദ്ദേശിച്ചു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിലെ SIR പ്രക്രിയ കൈകാര്യം ചെയ്യുന്നതില്‍ കമ്മീഷനില്‍ വിശ്വാസമര്‍പ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചു.