ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിന്‍റെ സൂചന നല്‍കി പുതിയ ഫലസൂചനകൾ. ലീഡ് നില ഓരോ നിമിഷവും മാറിമറിയുകയാണ്. തിരിച്ചുവരവിന്‍റെ വ്യക്തമായ സൂചന നല്‍കി നിലമെച്ചപ്പെടുത്തുകയാണ് മഹാസഖ്യം.
തുടക്കം മുതല്‍ നിലനിന്ന സസ്‌പെന്‍സ് വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴും നിലനില്‍ക്കുകയാണ്. തൂക്കുസഭാ സാധ്യതയിലേയ്ക്ക് വിരല്‍ചൂണ്ടി തെരഞ്ഞെടുപ്പ് ഫലം മാറിമറിയുകയാണ്. 11 മണ്ഡലങ്ങളിലെ ഫലം നിർണായകമാണ്. ഇവിടെ ലീഡുനില അഞ്ഞൂറുവോട്ടില്‍ താഴെയാണ്. ആര്‍ജെഡി ഏറ്റവും വലിയ കക്ഷിയായി. ലീഡ് നിലയില്‍ ബിജെപിയെ മറികടന്നാണ് ആര്‍ജെഡി ഏറ്റവും വലിയ കക്ഷിയായത്.
കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള വോട്ടെണ്ണല്‍ ആയതിനാലാണ് ഫലം പൂര്‍ണ്ണമാകാന്‍ വൈകുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. ഉച്ചവരെ 20 ശതമാനം വോട്ടുകള്‍ മാത്രമെ എണ്ണിയിരുന്നുള്ളൂ. അന്തിമഫലം അർധരാത്രിയോടെ മാത്രമെ പുറത്തുവരൂവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.