പട്‌ന: തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പാക്കുന്ന വോട്ടര്‍ പട്ടികയിലെ ‘പ്രത്യേക പുനരവലോകനത്തിനും’ കേന്ദ്രസര്‍ക്കാരിന്റെ പുതിയ തൊഴില്‍ നിയമസംഹിതയ്‌ക്കെതിരെയും ബിഹാറില്‍ വ്യാപക പ്രതിഷേധം. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) നേതാവ് തേജസ്വി യാദവും ഈ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കി. പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന്റെ ഭാഗമായി നടന്ന റോഡ് ഉപരോധം സംസ്ഥാനത്തുടനീളം വലിയ ജനപങ്കാളിത്തമാണ് ഉണ്ടായിരിക്കുന്നത്.
പട്‌നയിലെ ഇന്‍കം ടാക്‌സ് റൗണ്ട് എബൗട്ടില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു. ആര്‍.ജെ.ഡി., കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, വി.ഐ.പി., സ്വതന്ത്ര നേതാവ് പപ്പു യാദവ് എന്നിവരടങ്ങുന്ന മഹാസഖ്യം പ്രതിഷേധത്തിന് പിന്തുണ നല്‍കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം ഗതാഗത തടസ്സങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഹാജിപൂരില്‍ ആര്‍.ജെ.ഡി. പ്രവര്‍ത്തകര്‍ ഗാന്ധി സേതു ഉപരോധിച്ചപ്പോള്‍, സോന്‍പൂരില്‍ എം.എല്‍.എ. മുകേഷ് റോഷന്‍ റോഡ് ഉപരോധത്തിന് നേതൃത്വം നല്‍കി. ആര്‍.ജെ.ഡിയുടെ യുവജന വിഭാഗം ജെഹനാബാദ് സ്റ്റേഷനില്‍ റെയില്‍ ഉപരോധവും നടത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടികാ പുനരവലോകനം തിരക്കിട്ട് നടത്തുന്നതിനെ തേജസ്വി യാദവ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇത് ഭരണകക്ഷിയായ എന്‍.ഡി.എയെ സഹായിക്കാനാണെന്നും വോട്ടര്‍മാര്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
‘മഹാരാഷ്ട്ര മോഡല്‍’ ബിഹാറിലും ആവര്‍ത്തിക്കാന്‍ ബി.ജെ.പി ശ്രമം: രാഹുല്‍ ഗാന്ധി
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ബിജെപി ‘തട്ടിയെടുത്തുവെന്നും’ ഇപ്പോള്‍ വോട്ടര്‍ പട്ടികയുടെ പ്രത്യേക പുനരവലോകനത്തിലൂടെ ബിഹാറിലും സമാനമായ നീക്കം നടത്താന്‍ ശ്രമിക്കുകയാണെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. പട്‌നയില്‍ ബിഹാര്‍ ബന്ദ് പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്രയിലും ഹരിയാനയിലും ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഞെട്ടിക്കുന്ന ക്രമക്കേടുകള്‍ നടന്നുവെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ലോക്‌സഭയില്‍ ഇന്ത്യാ സഖ്യം വിജയിച്ചപ്പോള്‍, ഏതാനും മാസങ്ങള്‍ക്കിപ്പുറം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഖ്യം പരാജയപ്പെട്ടു. ഈ രണ്ട് തിരഞ്ഞെടുപ്പുകള്‍ക്കിടയില്‍ ഏകദേശം 1 കോടി പുതിയ വോട്ടര്‍മാരെ ചേര്‍ത്തതായി രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇത് 10 ശതമാനം വര്‍ധനവാണെന്നും ഈ അധിക വോട്ടുകള്‍ ബി.ജെ.പിക്ക് വലിയ തോതില്‍ പ്രയോജനം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.
ചില കെട്ടിടങ്ങളില്‍ 4,000 മുതല്‍ 5,000 വരെ വോട്ടര്‍മാരെ രജിസ്റ്റര്‍ ചെയ്തുവെന്നും ഇവയില്‍ പലതും സംശയാസ്പദമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. അതേസമയം പാവപ്പെട്ടവരുടെ വോട്ടുകള്‍ നിഷേധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടര്‍ പട്ടികയും വീഡിയോഗ്രാഫി രേഖകളും ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും കമ്മീഷന്‍ നിശബ്ദത പാലിച്ചുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മഹാരാഷ്ട്രയുടെ പുതുക്കിയ വോട്ടര്‍ പട്ടിക ഇതുവരെ ലഭിച്ചിട്ടില്ലെന്നും സത്യം മറച്ചുവെക്കാന്‍ കമ്മിഷന്‍ തിരഞ്ഞെടുപ്പ് വീഡിയോഗ്രാഫിയുടെ നിയമങ്ങള്‍ മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു. ‘ഇതൊരു ആകസ്മിക സംഭവമായിരുന്നില്ല. ജനവിധി തിരിമറി നടത്താനുള്ള ബോധപൂര്‍വമായ ശ്രമമായിരുന്നു ഇത്,’ രാഹുല്‍ ഗാന്ധി ആരോപിച്ചു.
എന്‍ഡിഎ സര്‍ക്കാര്‍ നിയമിച്ച തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ വോട്ടര്‍ പട്ടികയുടെ പ്രത്യേക പുനരവലോകനത്തിലൂടെ ബിഹാറിലെ യുവജനങ്ങളുടെ വോട്ടുകള്‍ ‘മോഷ്ടിക്കാന്‍’ ശ്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ‘തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണഘടനയെ സംരക്ഷിക്കണം, പക്ഷേ നിര്‍ഭാഗ്യവശാല്‍ അത് ബി.ജെ.പിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്,’ രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.