
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗോദി മീഡികളുടെ കണക്കിനെ മറികടന്ന് ആക്സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം. മഹാസഖ്യത്തേക്കാള്‍ നേരിയ മുന്‍തൂക്കം മാത്രമാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിനുള്ളതെന്നാണ് ഇന്നു പുറത്തു വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ആക്സിസ് മൈ ഇന്ത്യയുടെ വോട്ട് വിഹിത പ്രവചനം അനുസരിച്ച് ബിഹാര്‍ തിരഞ്ഞെടുപ്പ് ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. 2020-ല്‍ 37% വോട്ട് ലഭിച്ച എന്‍ഡിഎയ്ക്ക് ഇത്തവണ 43% വോട്ട് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 41% വോട്ട് വിഹിതവുമായി മഹാസഖ്യം തൊട്ടുപിന്നിലുണ്ട്.
ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടുന്ന പാര്‍ട്ടി ആര്‍ജെഡി ആയിരിക്കുമെന്നും എക്‌സിറ്റ് ഫലങ്ങള്‍ സൂചന നല്‍കുന്നു. 67-76 സീറ്റുകള്‍ നേടി ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയര്‍ന്നുവരും. 56- 62 സീറ്റുകള്‍ നേടി ജെഡിയു തൊട്ടുപിന്നിലാവുമെന്നും, 50- 56 സീറ്റുകള്‍ മാത്രം നേടി ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും പോള്‍ സൂചിപ്പിക്കുന്നു. വോട്ടെണ്ണല്‍ ദിവസം ഈ കണക്കുകള്‍ ശരിയാണെങ്കില്‍, അത് ബിജെപിക്ക് വലിയ തിരിച്ചടിയാകും
നേരത്തേ ജേര്‍ണോ മിറര്‍ നടത്തിയ സര്‍വ്വേയിലും മുന്നിലെത്തിയത് മഹാസഖ്യമാണ്. 130 സീറ്റുകള്‍ വരെ മഹാസഖ്യം നേടുമെന്നാണ് ജേര്‍ണോ പ്രവചിക്കുന്നത്. ഭരണകക്ഷിയായ എന്‍ഡിഎ 100- 110 സീ്റ്റുകളില്‍ ഒതുങ്ങുമെന്നും വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൃത്യമായ ഫലം പ്രവചിച്ച ഏജന്‍സിയായിരുന്നു ജേര്‍ണോ മിറര്‍.
വിവാദമായ ‘സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ ഓഫ് ഇലക്ടറല്‍ റോള്‍സ്’ ന്റെ നിഴലില്‍ നടന്ന ഈ തിരഞ്ഞെടുപ്പില്‍ മഹാസഖ്യം 98-118 സീറ്റുകള്‍ നേടുമ്പോള്‍ എന്‍ഡിഎ എന്‍ഡിഎ 121-141 സീറ്റുകള്‍ നേടുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ കൂടുതല്‍ സാധ്യത എന്‍ഡിഎ സഖ്യത്തിനാണെന്നും പ്രവചിക്കുമ്പോള്‍ പ്രശാന്ത് കിഷോറിന്റെ ജന സുരാജ് പാര്‍ട്ടി (ജെഎസ്പി) തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നെങ്കിലും, അവര്‍ക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്നാണ് പ്രവചനം. പരമാവധി ഒരു സീറ്റ് വരെ മാത്രമേ അവര്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ളൂ. കിഷോറിന്റെ പാര്‍ട്ടി മഹാസഖ്യത്തിന്റെ വോട്ട് വിഹിതത്തില്‍ ഭിന്നത വരുത്തുമെന്നും പ്രവചിക്കപ്പെടുന്നു. ജന സുരാജ് പാര്‍ട്ടിക്ക് 4% വോട്ട് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ആക്സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.