ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള 48 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കുട്ടുംബ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. മഹാസഖ്യത്തില്‍ സൗഹൃദ മത്സരം നടക്കുന്ന ഒരു മണ്ഡലമായിരിക്കും ബച്ചവാഡ. ഇവിടെ ഇടതുപക്ഷം ഇതിനകം നോമിനേഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാന കോണ്‍ഗ്രസ് നിയമസഭാ പാര്‍ട്ടി (CLP) നേതാവ് ഷക്കീല്‍ അഹമ്മദിന് കഢ വ സീറ്റില്‍ നിന്ന് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കി.
ഹിസുവ എംഎല്‍എ നീതു കുമാരിക്കും കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കി. 2020 ലെ ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ അനില്‍ സിംഗിനെ 17,000-ലധികം വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് നീതു കുമാരി വിജയിച്ചത്. ബിജെപിയോട് ഇവര്‍ അടുപ്പം കാണിച്ചിരുന്നെങ്കിലും പാര്‍ട്ടി അവരെ സ്ഥാനാര്‍ത്ഥിയായി നോമിനേറ്റ് ചെയ്തു. ബിഹാറില്‍ പ്രതിപക്ഷം മികച്ച പോരാട്ടമാണ് നേരിടുന്നത്. പ്രശാന്ത് കിഷോറിന്റെ ജന സുരാജ് പാര്‍ട്ടി തിരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നെങ്കിലും വേ്ണ്ടത്ര ശ്രദ്ധേയമായിട്ടില്ല.
വടക്കുപടിഞ്ഞാറന്‍ മേഖലയില്‍, ശ്യാം ബിഹാരി പ്രസാദ് രക്‌സോളില്‍ നിന്ന് മത്സരിക്കും. ശശി ഭൂഷണ്‍ റായി എന്ന ഗപ്പു റായി ഗോവിന്ദ്ഗഞ്ചില്‍ നിന്ന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. പാര്‍ട്ടി അമിത് കുമാര്‍ സിംഗ് ടുന്ന റിഗ മണ്ഡലത്തില്‍ നിന്നും നവീന്‍ കുമാര്‍ ബത്‌നഹ (SC) സീറ്റില്‍ മത്സരിക്കും. നളിനി രഞ്ജന്‍ ഝായും സുബോധ് മണ്ഡലും യഥാക്രമം ബെനിപ്പട്ടിയില്‍ നിന്നും ഫുല്‍പരാസില്‍ നിന്നും പാര്‍ട്ടിയുടെ പതാകയേന്തും.
മുസാഫര്‍പൂരില്‍ നിന്ന് ബിജേന്ദ്ര ചൗധരിയെ കോണ്‍ഗ്രസ് മത്സരിപ്പിക്കും. ഓം പ്രകാശ് ഗാര്‍ഗ് ഗോപാല്‍ഗഞ്ചില്‍ നിന്നും ഹരി നാരായണ്‍ കുശ്വാഹ കുചായിക്കോട്ടില്‍ നിന്നും മത്സരിക്കും. ആദിത്യ കുമാര്‍ രാജ ലാല്‍ഗഞ്ചില്‍ നിന്നും സഞ്ജീവ് സിംഗ് വൈശാലിയില്‍ നിന്നും പ്രതിമ കുമാരി രാജാ പാകറില്‍ (SC) നിന്നും മത്സരരംഗത്തുണ്ട്.
മഹാസഖ്യത്തിലെ സഖ്യകക്ഷികളായ ആര്‍ജെഡിയുമായി സീറ്റ് വിഭജനം അന്തിമമാക്കുന്നതിന് മുമ്പാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 17 ആണ്. രണ്ടാം ഘട്ടത്തിനുള്ള അവസാന തീയതി ഒക്ടോബര്‍ 20 ആണ്.