
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, ‘ഇന്ത്യ’ മുന്നണി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ ജനവിധിയെ എത്രമാത്രം സ്വാധീനിച്ചു എന്നത് ഉറ്റുനോക്കപ്പെടുന്ന വിഷയമാണ്. ശക്തമായ ഭരണവിരുദ്ധ വികാരവും, തൊഴിലില്ലായ്മ, വിലക്കയറ്റം , വോട്ട്‌ചോരി തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങളും മുന്‍നിര്‍ത്തിയായിരുന്നു തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള ‘ഇന്ത്യ’ മുന്നണിയുടെ പ്രചാരണം. ഈ പ്രതിരോധ തന്ത്രങ്ങള്‍ ഉയര്‍ന്ന പോളിംഗില്‍ പ്രതിഫലിച്ചുവോ അതോ എന്‍ഡിഎയുടെ വികസന വാദവും നിതീഷ് കുമാറിന്റെ ഇമേജും ജനങ്ങള്‍ക്കിടയില്‍ ആധിപത്യം സ്ഥാപിച്ചുവോ എന്ന് നാളെ അറിയാം.

ബിഹാറിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നായ തൊഴിലില്ലായ്മ ‘ഇന്ത്യ’ മുന്നണിക്ക് ഒരു പ്രധാന പ്രചാരണ വിഷയമായിരുന്നു. തേജസ്വി യാദവ് ’10 ലക്ഷം സര്‍ക്കാര്‍ ജോലികള്‍’ എന്ന വാഗ്ദാനം നല്‍കിയത് യുവാക്കള്‍ക്കിടയില്‍ വലിയ ചലനം സൃഷ്ടിച്ചു. ഇത് യുവാക്കളുടെയും ആദ്യമായി വോട്ട് ചെയ്യുന്നവരുടെയും വലിയ തോതിലുള്ള പങ്കാളിത്തത്തിന് കാരണമായിട്ടുണ്ട്. ഈ വാഗ്ദാനത്തിന്റെ ചുവടു പിടിച്ചാണ് എന്‍ടഡിഎയും തൊഴിലവസരങ്ങള്‍ വാഗ്ദാനം നല്‍കിയത്. ഇത് വോട്ടര്‍മാരെ എത്രത്തോളം സ്വാധീനിച്ചുവെന്ന് വോട്ടിംഗില്‍ അറിയാം

പാചകവാതകം, ഇന്ധനം, അവശ്യവസ്തുക്കള്‍ എന്നിവയുടെ വില വര്‍ദ്ധനവ് സാധാരണക്കാരെ കാര്യമായി ബാധിച്ചിരുന്നു. ഈ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി എന്‍ഡിഎ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ‘ഇന്ത്യ’ മുന്നണി ശ്രമിച്ചു. സാധാരണക്കാരായ വോട്ടര്‍മാര്‍ ഈ വിഷയങ്ങളില്‍ എന്‍ഡിഎ സര്‍ക്കാരിനെതിരെ നിലകൊണ്ടോ എന്ന് വോട്ടെണ്ണല്‍ ഫലങ്ങള്‍ വ്യക്തമാക്കും. കഴിഞ്ഞ 15 വര്‍ഷത്തോളം സംസ്ഥാനം ഭരിച്ച നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ‘ഇന്ത്യ’ മുന്നണി ഉയര്‍ത്തിയിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍, അഴിമതി ആരോപണങ്ങള്‍, മന്ദഗതിയിലുള്ള വികസനം എന്നിവയെല്ലാം ഇതിനായി ഉപയോഗിച്ചു. പ്രത്യേകിച്ച്, നിതീഷ് കുമാറിന്റെ പ്രായാധിക്യവും അദ്ദേഹത്തിന്റെ ഊര്‍ജ്ജസ്വലത ഇല്ലായ്മയും യുവ വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയാക്കി.
വോട്ട് മോഷണം; രാജ്യവ്യാപകമായി കോണ്‍ഗ്രസ് ഉയര്‍ത്തിയ ഈ ആരോപണത്തില്‍ ഇലക്ഷന്‍ കമ്മിഷന്‍ പോലും ഉലഞ്ഞു. വോട്ടുകള്‍ മോഷ്ടിക്കപ്പെടുന്ന സാഹചര്യം കേന്ദ്ര സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് അവിശ്വാസം ജനിപ്പിച്ചു.രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി യാത്രയും പ്രചരണത്തിന്റെ അവസാന ദിനങ്ങളിലെ അദ്ദേഹത്തിന്റെ സമീപനവും സാധാരണക്കാരില്‍ വളരെ മതിപ്പുണ്ടാക്കി. പരമ്പരാഗതമായി ആര്‍ജെഡി ഉയര്‍ത്തിപ്പിടിച്ചിരുന്ന സാമൂഹിക നീതിയുടെയും പിന്നോക്ക വിഭാഗങ്ങളുടെയും വോട്ടുകള്‍ ഏകീകരിക്കാന്‍ തേജസ്വി യാദവ് ശ്രമിച്ചു. ജാതി രാഷ്ട്രീയത്തിന് ഇപ്പോഴും വലിയ പ്രാധാന്യമുള്ള ബിഹാറില്‍, ഈ വിഷയങ്ങള്‍ ജനങ്ങളെ ഒന്നിപ്പിക്കാന്‍ സഹായിച്ചോ എന്നതും പ്രധാനമാണ്. കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവരുള്‍പ്പെട്ട ‘ഇന്ത്യ’ മുന്നണി ഒരു കൂട്ടായ നേതൃത്വത്തെയാണ് അവതരിപ്പിച്ചത്. ഇത് വിവിധ വിഭാഗം വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ സഹായിച്ചു എന്ന് അവര്‍ കരുതുന്നു.
ഇതിനേക്കാള്‍ പ്രധാനം ബിഹാറിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് (67.13%) രേഖപ്പെടുത്തിയതാണ്. ഈ തിരഞ്ഞെടുപ്പില്‍, മാറ്റം ആഗ്രഹിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായെന്ന് ‘ഇന്ത്യ’ മുന്നണി വിശ്വസിക്കുന്നു. യുവ വോട്ടര്‍മാര്‍, സ്ത്രീകള്‍, പിന്നോക്ക വിഭാഗക്കാര്‍ എന്നിവരുടെ വലിയ പങ്കാളിത്തം അനുകൂലമാകുമെന്നാണ് അവരുടെ പ്രതീക്ഷ.
മാറ്റം ആഗ്രഹിക്കുന്നവരും സ്ഥിരത ആഗ്രഹിക്കുന്നവരും: ബിഹാറിലെ വോട്ടര്‍മാര്‍ക്കിടയില്‍ ‘മാറ്റം’ എന്ന വികാരവും ‘സ്ഥിരത’ എന്ന ആഗ്രഹവും തമ്മിലുള്ള ഒരു പോരാട്ടമായി ഈ തിരഞ്ഞെടുപ്പ് മാറി. ‘ഇന്ത്യ’ മുന്നണി മാറ്റത്തിന് വേണ്ടി വാദിച്ചപ്പോള്‍, എന്‍ഡിഎ ഭരണ തുടര്‍ച്ചയെ കുറിച്ച് സംസാരിച്ചു. ഈ രണ്ട് വികാരങ്ങളില്‍ ഏതിനാണ് വോട്ടര്‍മാര്‍ മുന്‍ഗണന നല്‍കിയത് എന്ന് വോട്ടെണ്ണല്‍ ഫലങ്ങള്‍ വ്യക്തമാക്കും.