
പട്ന · ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് 121 മണ്ഡലങ്ങളില്‍ നടക്കും. രാഷ്ട്രീയ ചരിത്രവും സാമൂഹിക സാഹചര്യങ്ങളും നിര്‍ണയിക്കുന്ന ഈ മണ്ഡലങ്ങള്‍ ബിഹാറിന്റെ രാഷ്ട്രീയ ഭാവിയെ സ്വാധീനിക്കും. 2020-ലെ തിരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ മഹാസഖ്യം – കോണ്‍ഗ്രസ്, ആര്‍ജെഡി, ഇടതുപാര്‍ട്ടികള്‍, 121 സീറ്റുകളില്‍ 63-ഉം നേടി മുന്നില്‍ എത്തിയിരുന്നു. ബിജെപിയും ജെഡിയുവും ചേര്‍ന്ന് 55 സീറ്റുകളാണ് അന്ന് നേടിയത്. ഈ ചരിത്രപരമായ മുന്‍തൂക്കം മഹാസഖ്യത്തിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്.
പ്രധാന വിവരങ്ങള്‍
വോട്ടെടുപ്പ് തീയതി: നവംബര്‍ 6, 2025
മണ്ഡലങ്ങള്‍: 121
ജില്ലകള്‍: 18
വോട്ട് രേഖപ്പെടുത്തുന്നവര്‍: 3.75 കോടിയിലധികം വോട്ടര്‍മാര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമാണ് ഈ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരകരെങ്കിലും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അസാന്നിധ്യം ശ്രദ്ധേയമാകുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ പ്രചാരണ തന്ത്രങ്ങള്‍ സാധാരണക്കാര്‍ക്കിടയില്‍ വലിയ ആവേശം പ്രകടമാക്കി. ആര്‍ജെഡി, സിപിഐ-എംഎല് പാര്‍ട്ടികളുമായി ചേര്‍ന്ന് നടത്തിയ 16 ദിവസത്തെ ‘വോട്ട് അധികാര്‍’ റാലി വോട്ടര്‍മാരില്‍ ആവേശം നിറച്ചിരുന്നു. ‘വോട്ട് ചോരി’ എന്ന മുദ്രാവാക്യം യുവ വോട്ടര്‍മാര്‍ക്കിടയില്‍ രോഷം പ്രകടമാക്കി.
ബഗുസരായിലെ പ്രചരണത്തിനിടെ രാഹുല്‍ ഗാന്ധി വിഐപി നേതാവ് മുകേഷ് സൈനിയ്ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമൊപ്പം ഒരു കുളത്തില്‍ ഇറങ്ങി നീന്തിയ ദൃശ്യങ്ങളും ഫോട്ടോകളും സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഇത് രണ്ടാം ഘട്ട വോട്ടെടുപ്പില്‍ കൂടുതല്‍ വോട്ടുകള്‍ നേടാന്‍ സഹായിച്ചേക്കാം. മിഥിലാഞ്ചലിലെ ദര്‍ഭംഗ, മധുബനി, കോസി മേഖലകളിലെ മത്സ്യത്തൊഴിലാളികളായ നിഷാദ്, മല്ല സമുദായങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ട്.
തൊഴിലില്ലായ്മ, കുടിയേറ്റം, അഴിമതി, വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങളുടെ തകര്‍ച്ച എന്നിവയാണ് തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍. ബിഹാറില്‍ നിരവധി പേര് അവസരങ്ങള്‍ തേടി സംസ്ഥാനം വിട്ടുപോകുന്നതിനാല്‍, ജോലിയെന്ന വാഗ്ദാനം കേവലം ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനമല്ല, മറിച്ച് ഒരു ജീവനാഡിയാണ്. ഓരോ വീട്ടിലും ഒരു സര്‍ക്കാര്‍ ജോലി എന്ന തേജസ്വി യാദവിന്റെ വാഗ്ദാനം (അഞ്ച് വര്‍ഷത്തിനുള്ളില്‍ 1.3 കോടി ജോലികള്‍) ജനങ്ങളില്‍ വലിയ പ്രതീക്ഷ നല്കുന്നു.
ജന്‍ സുരാജ് പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോര്‍ അഴിമതി, അടിസ്ഥാന സേവനങ്ങളിലെ തകര്‍ച്ച എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നു. തൊഴില്‍, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്ക് അദ്ദേഹം നല്കുന്ന ഊന്നല്‍ ജനങ്ങളുടെ ആവശ്യങ്ങളുമായി ചേര്ന്നുനില്ക്കുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ സ്വതന്ത്ര നിലപാട് പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കുമോ എന്ന ചോദ്യം ഉയര്‍ത്തുന്നുണ്ട്.
മാറ്റത്തിന് ആഗ്രഹിക്കുന്ന വോട്ടര്‍മാരെയാണ് മഹാസഖ്യം ആകര്‍ഷിക്കുന്നത്. യുവജനങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മയും കുടിയേറ്റവും സൃഷ്ടിക്കുന്ന ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്നപ്രതീക്ഷയാണ് സഖ്യത്തിനുള്ളത്