ന്യൂഡല്‍ഹി: ബീഹാറിലെ വോട്ടര്‍ പട്ടികയുടെ പ്രത്യേക പുതുക്കലുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ സുപ്രധാന നിര്‍ദ്ദേശം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ് എന്നിവ തെളിവായി പരിഗണിക്കണമെന്ന കോടതിയുടെ നിര്‍ദ്ദേശമാണ് കമ്മീഷന്‍ നിരസിച്ചത്. ആധാര്‍ പൗരത്വത്തിന് തെളിവല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കമ്മീഷന്‍ ഈ നിലപാട് അറിയിച്ചത്.
ജൂലൈ 10-ന് കേസ് പരിഗണിക്കവേയാണ്, ബീഹാറിലെ വോട്ടര്‍ പട്ടിക പുതുക്കുന്ന നടപടികളില്‍ ആധാര്‍, വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ് എന്നിവ കൂടി പരിഗണിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്.എന്നാല്‍, ജൂലൈ 21-ന് സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ കമ്മീഷന്‍ ഈ നിര്‍ദ്ദേശം തള്ളുകയായിരുന്നു. കേസ് ജൂലൈ 28-ന് വീണ്ടും പരിഗണിക്കും.
കമ്മീഷന്റെ വാദങ്ങള്‍
ആധാര്‍ കാര്‍ഡ് ഒരു തിരിച്ചറിയല്‍ രേഖ മാത്രമാണെന്നും അത് പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്നും കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ തറപ്പിച്ചുപറയുന്നു. വിവിധ ഹൈക്കോടതികളും ഇക്കാര്യം മുന്‍പ് വ്യക്തമാക്കിയിട്ടുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷാ ഫോമില്‍ നല്‍കിയിട്ടുള്ള 11 രേഖകളുടെ പട്ടികയില്‍ ആധാര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കാരണം, ഭരണഘടനയുടെ 326-ാം അനുച്ഛേദം അനുസരിച്ചുള്ള യോഗ്യത പരിശോധിക്കാന്‍ ആധാര്‍ പര്യാപ്തമല്ല. എന്നാല്‍, മറ്റ് രേഖകള്‍ക്കൊപ്പം ഒരു സഹായ രേഖയായി ആധാര്‍ ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള ഫോമുകളില്‍ വോട്ടര്‍ ഐഡി കാര്‍ഡ് നമ്പറിനൊപ്പം ആധാര്‍ നമ്പര്‍ ചേര്‍ക്കാന്‍ ഒരു ഓപ്ഷണല്‍ കോളവും നല്‍കിയിട്ടുണ്ട്.
രാജ്യത്ത് ‘വ്യാപകമായി വ്യാജ റേഷന്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ടെന്നും’ കമ്മീഷന്‍ ആരോപിക്കുന്നു. ആധാറുമായി ബന്ധിപ്പിച്ചിട്ടും ഈ പ്രശ്‌നം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ 5 കോടിയിലധികം വ്യാജ റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയെന്ന മാര്‍ച്ച് 7-ലെ പത്രക്കുറിപ്പും കമ്മീഷന്‍ ഇതിനായി ഉദ്ധരിച്ചു.
നിലവിലുള്ള വോട്ടര്‍ ഐഡി കാര്‍ഡ് (EPIC- Elector Photo Identity Cards ), വോട്ടര്‍ പട്ടികയുടെ അന്നത്തെ അവസ്ഥ മാത്രമാണ് കാണിക്കുന്നതെന്നും, പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള മുന്‍കാല യോഗ്യത സ്ഥാപിക്കാന്‍ അതിന് കഴിയില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം, നിലവില്‍ അംഗീകരിച്ചിട്ടുള്ള 11 രേഖകളുടെ പട്ടിക സൂചനാത്മകം മാത്രമാണെന്നും വോട്ടര്‍മാര്‍ ഹാജരാക്കുന്ന ഏത് രേഖയും പരിഗണിക്കാനുള്ള വിവേചനാധികാരം ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് ഉണ്ടെന്നും കമ്മീഷന്‍ ആവര്‍ത്തിച്ചു.
വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് പൗരത്വം തെളിയിക്കേണ്ടത് അനിവാര്യമാണെന്നും അത് പരിശോധിക്കാനുള്ള ഭരണഘടനാപരമായ അധികാരം തങ്ങള്‍ക്കുണ്ടെന്നും കമ്മീഷന്‍ വാദിക്കുന്നു. എന്നാല്‍, വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താകുന്നത് ഒരാളുടെ പൗരത്വം ഇല്ലാതാക്കില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.
ഈ നിലപാട് സാധാരണക്കാരെ, പ്രത്യേകിച്ച് ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ആധാര്‍, റേഷന്‍ കാര്‍ഡ് പോലുള്ള രേഖകളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് പൗരന്മാര്‍ക്ക് വോട്ടവകാശം നിഷേധിക്കപ്പെടാന്‍ ഇത് കാരണമായേക്കാമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും സാമൂഹിക സംഘടനകളും സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കമ്മീഷന്റെ കര്‍ശന നിലപാട് ജനാധിപത്യ പ്രക്രിയയില്‍ നിന്ന് ഒരു വലിയ വിഭാഗം ജനങ്ങളെ മാറ്റിനിര്‍ത്താനുള്ള ശ്രമമാണെന്ന വിമര്‍ശനവും ശക്തമാണ്.