Bihar Election 2025| ബിഹാറില്‍ മഹാസഖ്യത്തിന്റെ പ്രകടനപത്രിക കോപ്പിയടിച്ച് എന്‍ഡിഎ; ‘ഒരു കോടി സര്‍ക്കാര്‍ ജോലികള്‍’ വാഗ്ദാനം;

Jaihind News Bureau
Friday, October 31, 2025

പട്‌ന: ബിഹാറില്‍ മഹാസഖ്യം പ്രകടന പത്രിക പുറത്തിറക്കി ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ എന്‍ഡിഎയും പ്രകടനപത്രിക പുറത്തിറക്കി. മഹാസഖ്യം പുറത്തിറക്കിയ രേഖയെ അതേപടി അനുകരിക്കുന്ന തരത്തിലാണ് എന്‍ഡിഎയുടെ വാഗ്ദാനങ്ങള്‍. ഒരു കോടി സര്‍ക്കാര്‍ ജോലികള്‍ വാഗ്ദാനം ചെയ്തുകൊണ്ട് എന്‍ഡിഎ മഹാസഖ്യത്തിന്റെ പാത പിന്തുടരുകയാണ്.

കഴിഞ്ഞയാഴ്ച, സംസ്ഥാനത്ത് ഭൂമിയുടെ ക്ഷാമമുള്ളതിനാല്‍ വ്യവസായങ്ങള്‍ കൊണ്ടുവരാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍ ഇന്നു പുറത്തിറക്കിയ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പ്രകടനപത്രികയില്‍ എന്‍ഡിഎ വാഗ്ദാനം ചെയ്യുന്നത് 10 വ്യവസായ പാര്‍ക്കുകള്‍, ഏഴ് എക്‌സ്പ്രസ് വേകള്‍, ഒരു ‘ലോകോത്തര മെഡി-സിറ്റി’, 100 എംഎസ്എംഇ പാര്‍ക്കുകള്‍, ഓരോ ജില്ലയിലും മെഗാ സ്‌കില്‍ സെന്ററുകള്‍, സംസ്ഥാനത്ത് നാല് മെട്രോ പദ്ധതികള്‍ എന്നിവയാണ്. ഇവയൊന്നും ‘വലിയ’ വ്യവസായങ്ങളായി കണക്കാക്കുന്നില്ലെങ്കിലും, അവയ്ക്ക് ആവശ്യമായ ഭൂമി കണ്ടെത്തുന്നതിനെ പറ്റി പരാമര്‍ശമൊന്നുമില്ല.

സാധാരണയായി, ഭൂമി എങ്ങനെ ഏറ്റെടുക്കുമെന്നും ജനങ്ങള്‍ക്ക് എങ്ങനെ നഷ്ടപരിഹാരം നല്‍കുമെന്നും പ്രകടനപത്രികയില്‍ മുന്നണികള്‍ വ്യക്തമാക്കാറുണ്ട്. എന്നാല്‍ എന്‍ഡിഎ ഇതൊക്കെ നിഗൂഢമാക്കിയിരിക്കുയാണ്. ബിഹാറില്‍ 20 വര്‍ഷം അധികാരത്തിലിരുന്ന ശേഷം, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ‘പ്രളയരഹിത ബിഹാര്‍’ എന്ന വാഗ്ദാനവും എന്‍ഡിഎയുടെ പ്രകടനപത്രികയിലുണ്ട്. ‘പ്രളയ നിയന്ത്രണ ബോര്‍ഡ്’ രൂപീകരിക്കുമെന്നും നദി ബന്ധിപ്പിക്കല്‍ പദ്ധതികളുടെയും ബണ്ടുകളുടെയും കനാലുകളുടെയും ദ്രുതഗതിയിലുള്ള നിര്‍മ്മാണത്തിന് മുന്‍ഗണന നല്‍കുമെന്നും പ്രകടനപത്രിക പറയുന്നു. സംസ്ഥാനത്ത് ഒരു കോടി സര്‍ക്കാര്‍ ജോലികള്‍ എന്ന വാഗ്ദാനും ഇതോടൊപ്പം നല്‍കുന്നു.

സംസ്ഥാനത്ത് ഏകദേശം 20 വര്‍ഷം അധികാരത്തിലിരുന്നിട്ടും എന്‍ഡിഎ ഒരു റിപ്പോര്‍ട്ട് കാര്‍ഡോ ഭാവിയിലേക്കുള്ള പ്രകടനപത്രികയോ പുറത്തിറക്കിയില്ല എന്നത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. ഒക്ടോബര്‍ 28-ന് പ്രതിപക്ഷ ഇന്ത്യ സഖ്യം അവരുടെ പ്രകടനപത്രിക പുറത്തിറക്കിയത് എന്‍ഡിഎയെ ചൊടിപ്പിച്ചു. ‘തേജസ്വി പ്രാണില്‍’ നിന്ന് സൂചനകള്‍ ഉള്‍ക്കൊണ്ട്, പ്രതിപക്ഷം നല്‍കിയ വാഗ്ദാനങ്ങളെ മറികടക്കാനോ അല്ലെങ്കില്‍ സമാനമായ വാഗ്ദാനങ്ങള്‍ നല്‍കാനോ എന്‍ഡിഎ ശ്രമിച്ചു എന്നു വ്യക്തമാണ്. മഹാസഖ്യം അതീവ പിന്നോക്ക വിഭാഗങ്ങള്‍ക്കായി നടത്തിയ 10 വാഗ്ദാനങ്ങളുടെ പ്രത്യേക പട്ടികയില്‍ അസ്വസ്ഥരായ എന്‍ഡിഎ, ഉന്നത വിദ്യാഭ്യാസം നേടുന്ന ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 2,000 രൂപ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തുകൊണ്ട് അവരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു.

എന്നിരുന്നാലും, എന്‍ഡിഎയുടെ ഏറ്റവും ശ്രദ്ധേയമായ വാഗ്ദാനം ഒരു കോടി ‘സര്‍ക്കാര്‍ ജോലികള്‍’ സൃഷ്ടിക്കുക എന്നതാണ്. പ്രതിപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ് ‘സര്‍ക്കാര്‍ ജീവനക്കാരില്ലാത്ത ഓരോ കുടുംബത്തിനും ഒരു സര്‍ക്കാര്‍ ജോലി’ എന്ന വാഗ്ദാനം നല്‍കിയിരുന്നു. ഇതിനെ നേരിടാന്‍ വേണ്ടിയുള്ള ഒരു നീക്കുപോക്കായാണ് ഈ വാഗ്ദാനം.