
ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിവിധ സംസ്ഥാനങ്ങളില്‍ ‘വോട്ട് മോഷണം’ നടക്കുന്നുണ്ടെന്ന അരോപണങ്ങള്‍ രാഹുല്‍ ആവര്‍ത്തിച്ചു ഡല്‍ഹിയില്‍ ഈ വര്‍ഷം വോട്ട് രേഖപ്പെടുത്തിയ ബിജെപി നേതാക്കള്‍ ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലും വോട്ട് ചെയ്തതായി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരോപിച്ചു. ഇത് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ വിജയത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷന് ഭരണകക്ഷിയുമായി ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ആദ്യഘട്ട വോട്ടെടുപ്പ് ദിവസം മുന്‍ രാജ്യസഭാ എംപിയായ രാകേഷ് സിന്‍ഹയും ഡല്‍ഹി ബിജെപിയിലെ നാഗേന്ദ്ര കുമാര്‍, സന്തോഷ് ഓജ എന്നിവരാണ് വിവാദത്തിലായത്. ഈ മൂന്ന് പേരും ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നലെ ബിഹാറിലും വോട്ട് ചെയ്യുകയും ചെയ്തതായി കണ്ടെത്തി. ഡല്‍ഹിയിലും ബിഹാറിലും വോട്ട് ചെയ്തതിന് ശേഷം സെല്‍ഫികള്‍ ഇവര്‍ പങ്കുവെച്ചതുകൊണ്ട് ഇവരെ കണ്ടെത്തുന്നത് എളുപ്പമായി. ഡല്‍ഹിയില്‍ താമസിച്ച് ജോലി ചെയ്യുന്ന ഇവര്‍ ആ ജോലി നിര്‍ത്തിയോ എന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍, SIR വഴിയുള്ള വോട്ടര്‍ പട്ടിക ശുദ്ധീകരണം വെറും പ്രഹസനമായിരുന്നെന്ന് ഈ മൂവരുടേയും വോട്ടിംഗിലൂടെ വ്യ്ക്തമായിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം നടന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ 25 ലക്ഷം വ്യാജ എന്‍ട്രികള്‍ ഉണ്ടായിരുന്നതായി തെളിവുകള്‍ സഹിതം രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. മധ്യപ്രദേശ്, ഛത്തീസ്ഗഡ് മുതല്‍ ഗുജറാത്ത് വരെ സമാനമായ കൃത്രിമങ്ങള്‍ പതിവായി നടക്കുന്നുണ്ടെന്നും, വോട്ടര്‍മാരുടെ പേരില്‍ മറ്റുള്ളവര്‍ വോട്ട് ചെയ്യുകയും വ്യാജ തിരിച്ചറിയലുകള്‍ ഉപയോഗിച്ച് ഒന്നിലധികം വോട്ടുകള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ഉദാഹരണമായി, ഹരിയാനയില്‍ ഒരു ബ്രസീലിയന്‍ സ്ത്രീയുടെ ഐഡന്റിറ്റി ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇത് പ്രതിരോധത്തിലായ ഒരു വ്യവസ്ഥയുടെ വ്യക്തമായ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു വ്യക്തിക്ക് ഒരു വോട്ട് എന്ന ഭരണഘടനാപരമായ ഉറപ്പ് ഹരിയാനയിലെ ഉദാഹരണങ്ങള്‍ കാണിക്കുന്നത് പോലെ ലംഘിക്കപ്പെട്ടിരിക്കുന്നു,’ രാഹുല്‍ ഗാന്ധി രോഷത്തോടെ പറഞ്ഞു. ‘ഒരേ സ്ത്രീ പലതവണ വോട്ട് ചെയ്യുന്നത് കാണിച്ചു. വ്യാജ വോട്ടര്‍ ഫോട്ടോകള്‍, ആള്‍മാറാട്ടം, മറ്റ് ക്രമക്കേടുകള്‍ എന്നിവ വ്യാപകമായിരുന്നു. ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിരോധിക്കുന്നു, എന്നിട്ടും എന്റെ ഒരു ആരോപണവും നിഷേധിക്കപ്പെട്ടിട്ടില്ല.’ ഈ ക്രമക്കേടുകള്‍ ഇപ്പോള്‍ ബിഹാറിലും ആവര്‍ത്തിക്കപ്പെടുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. നരേന്ദ്ര മോദി വോട്ട് മോഷണത്തിലൂടെയാണ് പ്രധാനമന്ത്രിയായത് ജനാധിപത്യപരമായ സത്യസന്ധതയ്ക്കായുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഓരോ വശവും സൂക്ഷ്മമായി പരിശോധിക്കാന്‍ പൗരന്മാരോട് അദ്ദേഹം ആഹ്വാനം ചെയ്തു.