
ബി.ജെ.പി-ജെ.ഡി.യു സഖ്യത്തിന്റെ ‘ദുര്‍ഭരണത്തില്‍’ നിന്ന് ബിഹാറിനെ മോചിപ്പിക്കുക എന്ന ലക്ഷ്യവുമായി കോണ്‍ഗ്രസ് ഉള്‍പ്പെട്ട മഹാഗത്ബന്ധന്‍ തിരഞ്ഞെടുപ്പു പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് ഇതുവരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയേയോ പ്രകടന പത്രികയോ പുറത്തിറക്കാനാവാത്തതില്‍ പ്രതിപക്ഷ സഖ്യം കുറ്റപ്പെടുത്തി. അവര്‍ ഞങ്ങളുടെ വാഗ്ദാനങ്ങള്‍ പകര്‍ത്തുക മാത്രമാണ് ചെയ്യുന്നതൈന്ന് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി മുഖമായ തേജസ്വി യാദവ് ആരോപിച്ചു.
‘ബിഹാറിനെ രാജ്യത്തെ ഒന്നാം നമ്പര്‍ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള ഒരു കാഴ്ചപ്പാട് രേഖ’യാണ് തെരഞ്ഞെടുപ്പു പത്രികയെന്ന് സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവ് അവകാശപ്പെട്ടു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മാറ്റത്തിന്റെയും പ്രതീക്ഷയുടെയും ഒരു ബ്ലൂപ്രിന്റായി അദ്ദേഹം സഖ്യത്തിന്റെ വാഗ്ദാനങ്ങളെ ഉയര്‍ത്തിക്കാട്ടി. 32 പേജുള്ള ‘ബീഹാര്‍ കാ തേജസ്വി പ്രാണ്‍’ (തേജസ്വിയുടെ ദൃഢനിശ്ചയം) പട്‌നയിലാണ് പുറത്തിറക്കിയത്, തേജസ്വി യാദവും സഖ്യ പങ്കാളികളും യോഗത്തില്‍ പങ്കുചേര്‍ന്നു.
ബിഹാറില ഓരോ കുടുംബത്തിനും ഒരു സര്‍ക്കാര്‍ ജോലി, സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ അലവന്‍സ്, ഓരോ വീടിനും 200 യൂണിറ്റ് സൗജന്യ വൈദ്യുതി എന്നിവയുള്‍പ്പെടെ നിരവധി ജനപ്രിയ വാഗ്ദാനങ്ങളാണ് രേഖയില്‍ പ്രധാനമായും ഉള്‍ക്കൊള്ളുന്നത്. ഇന്ത്യ മുന്നണിയുടെ സങ്കല്‍പ്പ് പത്ര 2025 ആയി പുറത്തിറക്കിയ ഈ രേഖയുടെ മുദ്രാവാക്യം ”സമ്പൂര്‍ണ്ണ ബിഹാര്‍ കാ സമ്പൂര്‍ണ്ണ പരിവര്‍ത്തനം , തേജസ്വി പ്രതിജ്ഞ, തേജസ്വി പ്രണ” എന്നതാണ്. തൊഴില്‍, ക്ഷേമം, ഭരണ പരിഷ്‌കാരങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കി വിപുലമായ അജണ്ടയാണ് സഖ്യം പ്രകടനപത്രികയില്‍ അവതരിപ്പിച്ചത്. പ്രകടനപത്രികയുടെ പുറംചട്ടയില്‍ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ തേജസ്വി യാദവിന്റെ ചിത്രം നല്‍കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍ താഴെ പറയുന്നവയാണ്:
തൊഴിലാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. സര്‍ക്കാര്‍ രൂപീകരിച്ച് 20 ദിവസത്തിനുള്ളില്‍ ഓരോ കുടുംബത്തിനും ഒരു സര്‍ക്കാര്‍ ജോലി ഉറപ്പാക്കുന്ന നിയമം നടപ്പിലാക്കുമെന്ന് മഹാസഖ്യം വാഗ്ദാനം നല്‍കുന്നു. അധികാരത്തിലെത്തി 20 മാസത്തിനുള്ളില്‍ ജോലി വിതരണ പ്രക്രിയ ആരംഭിക്കുമെന്നും പ്രകടന പത്രിക പറയുന്നു. എല്ലാ കരാര്‍, ഔട്ട്സോഴ്സ് ജീവനക്കാരെയും സ്ഥിരപ്പെടുത്തുമെന്നും എല്ലാ സ്വയം സഹായ സംഘം സ്ത്രീകളെയും പ്രതിമാസം 30,000 രൂപ ശമ്പളത്തില്‍ സ്ഥിരം സര്‍ക്കാര്‍ ജീവനക്കാരാക്കുമെന്നും പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നു.
ക്ഷേമ നടപടികളില്‍, ഓരോ വീടിനും 200 യൂണിറ്റ് സൗജന്യ വൈദ്യുതിയും പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറുകളും നല്‍കുമെന്ന് സഖ്യം വാഗ്ദാനം ചെയ്യുന്നു. തെറ്റായ സ്മാര്‍ട്ട് മീറ്ററുകള്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കുമെന്നും പ്രകടനപത്രികയില്‍ വാക്കു നല്‍കുന്നു.
ഡിസംബര്‍ 1 മുതല്‍ സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ ലഭിക്കുന്ന ”മൈ-ബഹിന്‍ മാന്‍ യോജന” പ്രകടനപത്രികയില്‍ ഉള്‍പ്പെടുന്നു, ഇത് അഞ്ച് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 30,000 രൂപയായിരിക്കും. ഓരോ വ്യക്തിക്കും 25 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്, വിധവകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രതിമാസം 1,500 രൂപ പെന്‍ഷന്‍ (പ്രതിവര്‍ഷം 200 രൂപ വര്‍ദ്ധനയോടെ), ഭിന്നശേഷിക്കാര്‍ക്ക് 3,000 രൂപ എന്നിവയും ഇത് വാഗ്ദാനം ചെയ്യുന്നു.
പഴയ പെന്‍ഷന്‍ പദ്ധതി (OPS) പുനഃസ്ഥാപിക്കുമെന്നും ഓരോ ഉപവിഭാഗത്തിലും വനിതാ കോളേജുകള്‍ തുറക്കുമെന്നും നിലവില്‍ കോളേജുകളില്ലാത്ത 136 ബ്ലോക്കുകളില്‍ പുതിയ ഡിഗ്രി കോളേജുകള്‍ ആരംഭിക്കുമെന്നും മഹാസഖ്യം പറയുന്നു. മത്സര പരീക്ഷകള്‍ക്കുള്ള പരീക്ഷാ ഫീസ് ഒഴിവാക്കുമെന്നും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് സൗജന്യ യാത്ര നല്‍കുമെന്നും വാഗ്ദാനം ചെയ്തു.
എല്ലാ വിളകള്‍ക്കും മിനിമം താങ്ങുവില (MSP) ഉറപ്പാക്കുമെന്നും പ്രാദേശിക വിപണികളും മണ്ഡികളും പുനരുജ്ജീവിപ്പിക്കുമെന്നും ദളിതര്‍, പിന്നോക്ക വിഭാഗക്കാര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കുമെന്നും മഹാസഖ്യം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന ഏതൊരു ”ഭരണഘടനാ വിരുദ്ധ നിയമത്തെയും” ചെറുക്കുമെന്നും എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും ഇത് പ്രതിജ്ഞയെടുത്തു. വഖഫ് ഭേദഗതി ബില്‍ തടഞ്ഞുവയ്ക്കുമെന്നും വഖഫ് സ്വത്തുക്കളുടെ മാനേജ്മെന്റ് സുതാര്യമാക്കി കൂടുതല്‍ പ്രയോജനകരവുമാക്കുമെന്നും ബോധ് ഗയയിലെ ബുദ്ധ ക്ഷേത്രങ്ങളുടെ മാനേജ്മെന്റ് ബുദ്ധമതത്തിലെ ആളുകള്‍ക്ക് കൈമാറുമെന്നും സഖ്യം വാഗ്ദാനം ചെയ്യുന്നു.
പ്രകടനപത്രികയില്‍ വിമുക്തഭടന്മാര്‍ക്കായി ഒരു ക്ഷേമ കോര്‍പ്പറേഷന്‍ സ്ഥാപിക്കുമെന്നും ലഹരി നിരോധന നിയമം പുനരവലോകനം ചെയ്യുമെന്നും കള്ള്, മഹുവ അടിസ്ഥാനമാക്കിയുള്ള പരമ്പരാഗത തൊഴിലുകളെ അതിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുമെന്നും വാഗ്ദാനം ചെയ്യുന്നു.
ചരിത്രപരമായ നീക്കമെന്ന് ഇന്ത്യ ബ്ലോക്ക് നേതാക്കള്‍
”മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതും പ്രകടനപത്രിക പുറത്തിറക്കിയതും മഹാസഖ്യമാണ്. ഇത് ബിഹാറിനെക്കുറിച്ച് ആര് ഗൗരവമായി കാണുന്നുവെന്ന് കാണിക്കുന്നു. നമുക്ക് ബിഹാറിനെ വീണ്ടും ട്രാക്കില്‍ എത്തിക്കണം… ഇന്ന് വളരെ ശുഭകരമായ ദിവസമാണ്.”കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു, ”അടുത്ത 30-35 വര്‍ഷം ഞങ്ങള്‍ ബിഹാറിലെ ജനങ്ങളുടെ സേവനത്തിനായി പ്രവര്‍ത്തിക്കും. ജനങ്ങളുടെ എല്ലാ അഭിലാഷങ്ങളും ഞങ്ങള്‍ നിറവേറ്റും. ഇന്ത്യ സഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും വിഐപി നേതാവുമായ മുകേഷ് സഹാനി കൂട്ടിച്ചേര്‍ത്തു,