ന്യൂഡല്‍ഹി: ബിഹാറിലെ വോട്ടര്‍ പട്ടികയുടെ പ്രത്യേക പരിശോധന (SIR) സംബന്ധിച്ചുള്ള അവകാശവാദങ്ങളും എതിര്‍പ്പുകളും സമര്‍പ്പിക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ 1-ന് അപ്പുറം നീട്ടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സമയപരിധി നീട്ടുന്നത് ഭേദഗതി നടപടികള്‍ തടസ്സപ്പെടുത്താന്‍ കാരണമാകുമെന്നും, വോട്ടര്‍മാരുടെ പരിശോധന പൂര്‍ത്തിയായതായും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും വോട്ട് മോഷണം നടത്തുകയാണെന്ന് ആരോപിച്ചുകൊണ്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള INDIAസഖ്യന്റെ ‘വോട്ടര്‍ അധികാര്‍ യാത്ര’ബിഹാറിലെ പട്‌നയില്‍ സമാപിച്ചു.
വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സജീവമായി സഹകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. സെപ്റ്റംബര്‍ 1-ന് ശേഷവും അവകാശവാദങ്ങളും എതിര്‍പ്പുകളും സമര്‍പ്പിക്കാന്‍ കഴിയുമെന്നും, അന്തിമ വോട്ടര്‍ പട്ടിക വരുന്നതുവരെ സാധുവായ എല്ലാ അപേക്ഷകളും പരിഗണിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ECI) കോടതിയെ അറിയിച്ചു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി വരെ അവകാശവാദങ്ങളുടെ സൂക്ഷ്മ പരിശോധന തുടരുമെന്നും ECI വ്യക്തമാക്കി. സമയപരിധി നീട്ടുന്നത് ‘അനന്തമായ ഒരു പ്രക്രിയ’ സൃഷ്ടിക്കുമെന്നും, നിയമപ്രകാരമുള്ള മുഴുവന്‍ ഷെഡ്യൂളിനെയും താളം തെറ്റിക്കുമെന്നും കോടതി നിരീക്ഷിച്ചു. ബിഹാറിലെ 2.74 കോടി വോട്ടര്‍മാരില്‍ 99.5% പേരും യോഗ്യതാ രേഖകള്‍ സമര്‍പ്പിച്ചതായും തിരഞ്ഞെടുപ്പു കമ്മിഷന്‍ കോടതിയെ അറിയിച്ചു. അവശേഷിക്കുന്നവര്‍ക്ക് ഏഴ് ദിവസത്തിനുള്ളില്‍ നോട്ടീസ് നല്‍കും.
ആധാര്‍ തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കാമെന്ന് ജസ്റ്റിസ് സൂര്യ കാന്ത് വ്യക്തമാക്കി. എന്നാല്‍ പൗരത്വത്തിന്റെ തെളിവായി ആധാര്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ആധാര്‍ രേഖകള്‍ നിരസിക്കുന്നു എന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ വാദിച്ചെങ്കിലും, അംഗീകൃത 11 രേഖകളില്‍ ഒന്നായി ആധാര്‍ സ്വീകരിക്കണമെന്നും കോടതി ആവര്‍ത്തിച്ചു.