
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് റെക്കോര്‍ഡ് പോളിംഗ് ശതമാനത്തോടെ പൂര്‍ത്തിയായപ്പോള്‍, ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിന് ഭരണത്തുടര്‍ച്ചയാണ് പ്രവചിക്കുന്നത്. ഇത് മഹാസഖ്യത്തിന് വലിയ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും, രണ്ടാം ഘട്ട പോളിംഗിലെ ഉയര്‍ന്ന നിരക്ക് പ്രതീക്ഷ നല്‍കുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു. ആദ്യ ഘട്ടത്തില്‍ 64.66% പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍, രണ്ടാം ഘട്ടത്തില്‍ വൈകുന്നേരം 5 മണി വരെ 67.14% പോളിംഗ് രേഖപ്പെടുത്തി റെക്കോര്‍ഡ് മറികടന്നു. ഈ ഉയര്‍ന്ന പോളിംഗ് ശതമാനം, ബിഹാര്‍ രാഷ്ട്രീയത്തില്‍ ഒരു മാറ്റം ആഗ്രഹിക്കുന്ന ജനങ്ങളുടെ ആവേശത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഇത് മഹാസഖ്യത്തിന് ഗുണകരമാകുമെന്നും പ്രതീക്ഷിക്കുന്നു.
എക്സിറ്റ് പോളുകള്‍ പലപ്പോഴും തെറ്റിയിട്ടുണ്ട് എന്ന ചരിത്രവും പ്രസക്തമാണ്. ഡെയ്നിക് ഭാസ്കര്‍, പി-മാര്‍ക്ക്, ടിഐഎഫ് റിസര്‍ച്ച്, മാട്രിക്സ് തുടങ്ങിയ എക്സിറ്റ് പോളുകള്‍ എന്‍ഡിഎയ്ക്ക് 147 മുതല്‍ 167 വരെ സീറ്റുകള്‍ പ്രവചിച്ചിക്കുന്നു. കേവല ഭൂരിപക്ഷമായ 122 സീറ്റുകള്‍ സഖ്യം കടക്കുമെന്ന് ഇവര്‍ ഉറപ്പിച്ചു പറയുന്നു. ഇത് മഹാസഖ്യത്തെ, ആശങ്കയിലാക്കുന്ന സൂചനകളാണ് നല്‍കുന്നത്. മഹാസഖ്യം 90 സീറ്റുകളോടെ വളരെ പിന്നിലാകുമെന്നാണ് മിക്ക പ്രവചനങ്ങളും. ജെവിസി പോലും എന്‍ഡിഎയ്ക്ക് 135-നും 150-നും ഇടയില്‍ സീറ്റുകള്‍ പ്രവചിക്കുമ്പോള്‍, മഹാസഖ്യത്തിന് 88-നും 133-നും ഇടയില്‍ സീറ്റുകള്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്.
എക്സിറ്റ് പോളുകള്‍ ഒരു സൂചന മാത്രം
മഹാ സഖ്യ നേതാക്കള്‍ എക്സിറ്റ് പോള്‍ ഫലങ്ങളെ ഒരു സൂചനയായി മാത്രം കാണുന്നു. എക്സിറ്റ് പോളുകള്‍ക്ക് അവരുടെതായ പരിമിതികളുണ്ട്. ജനങ്ങളുടെ യഥാര്‍ത്ഥ വികാരം വോട്ടെണ്ണല്‍ ദിനത്തില്‍ മാത്രമേ പുറത്തുവരൂ. പലപ്പോഴും എക്സിറ്റ് പോളുകള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വളരെ വ്യത്യസ്തമായ ഫലങ്ങളാണ് നല്‍കിയിട്ടുള്ളത്
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന പ്രചാരണങ്ങളും, വോട്ടു ചോരി, വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി തുടങ്ങിയ വിഷയങ്ങളില്‍ എന്‍ഡിഎ സര്‍ക്കാരിനെതിരെ ഉന്നയിച്ച വിമര്‍ശനങ്ങളും ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നു. വലിയ തോതിലുള്ള പോളിംഗ് ശതമാനം, പ്രത്യേകിച്ച് രണ്ടാം ഘട്ടത്തിലെ റെക്കോര്‍ഡ് പോളിംഗ്, ഭരണവിരുദ്ധ വികാരം മഹാസഖ്യത്തിന് അനുകൂലമായി മാറിയിരിക്കാം എന്ന പ്രതീക്ഷയും കോണ്‍ഗ്രസ് പങ്കുവെക്കുന്നു.
പ്രശാന്ത് കിഷോറിന്റെ ജന സൂരാജ് പാര്‍ട്ടിക്ക് തിരിച്ചടി
പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ജന സൂരാജ് പാര്‍ട്ടി (JSP) തിരഞ്ഞെടുപ്പില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന പ്രതീക്ഷകള്‍ എക്സിറ്റ് പോളുകള്‍ തെറ്റിച്ചു. മിക്കവാറും എല്ലാ സര്‍വേകളും JSP-ക്ക് ഒന്നോ രണ്ടോ സീറ്റുകള്‍ മാത്രമാണ് പ്രവചിക്കുന്നത്, ചിലവ സീറ്റുകള്‍ ഒന്നു പോലും പ്രവചിക്കുന്നില്ല. ഇത് കോണ്‍ഗ്രസിന് ഒരു തരത്തില്‍ ആശ്വാസമാണ്. കാരണം, JSP കൂടുതല്‍ വോട്ടുകള്‍ നേടുന്നത് മഹാസഖ്യത്തിന്റെ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ സാധ്യതയുണ്ടായിരുന്നു.
എന്‍ഡിഎയുടെ വിജയം എക്സിറ്റ് പോളുകള്‍ ഉറപ്പിക്കുന്നതിനിടയിലും, യഥാര്‍ത്ഥ ഫലത്തിനായി നവംബര്‍ 14-വരെ കാത്തിരിക്കാനാണ് മഹാസഖ്യത്തിന്റെ തീരുമാനം. നിതീഷ് കുമാറിന്റെ രാഷ്ട്രീയ ജീവിതത്തിലെ അവസാന തിരഞ്ഞെടുപ്പായി ഇത് കണക്കാക്കപ്പെടുന്നു എന്നതും, ലാലു പ്രസാദ് യാദവ് തേജസ്വി യാദവിന് പൂര്‍ണ്ണമായും പാര്‍ട്ടി നേതൃത്വം കൈമാറിയ സാഹചര്യവും ബിഹാറിന്റെ രാഷ്ട്രീയ ഭാവിയെ കൂടുതല്‍ ആകാംക്ഷാഭരിതമാക്കുന്നു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ പലപ്പോഴും തെറ്റിയ ചരിത്രം ആശ്വാസം നല്കുന്നു. വോട്ടെണ്ണല്‍ ദിനം വരെ ആകാംഷയോടെ കാത്തിരിക്കുകയാണ് ബിഹാര്‍ രാഷ്ട്രീയം