ഇനിയും വോട്ടുകള്‍ എണ്ണാനുണ്ട്, അന്തിമഫലം വരെ കാത്തിരിക്കൂവെന്ന് ആർ.ജെ.ഡി

Jaihind News Bureau
Tuesday, November 10, 2020

പറ്റ്ന : ബിഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കെ നിലവിലെ ലീഡ് നില അന്തിമഫലമായി കണക്കാക്കേണ്ടെന്ന് ആർ.ജെ.ഡി. അന്തിമഫലത്തിനായി കാത്തിരിക്കാനും മഹാസഖ്യത്തിനായിരിക്കും അന്തിമവിജയമെന്നും നേതാക്കള്‍ പറയുന്നു.  മന്ദഗതിയിലാണ് ബിഹാറിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. വൈകുന്നേരം 4 മണി വരെ 50 ശതമാനം വോട്ടുകള്‍ മാത്രമാണ് എണ്ണിയിരിക്കുന്നത്. നിലവിലെ ലീഡ് നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഒടുവില്‍ വിജയം മഹാസഖ്യത്തിന് തന്നെയായിരിക്കും എന്നും ആര്‍.ജെ.ഡി പറയുന്നു.

‘വൈകുന്നേരത്തോടെ വരാനിരിക്കുന്ന അന്തിമഫലത്തിനായി കാത്തിരിക്കൂ. കണക്കുകൂട്ടല്‍ പോലെ തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. വോട്ടെണ്ണല്‍ വളരെ സാവധാനമാണ് നടക്കുന്നത്. മഹാസഖ്യത്തിന് മേല്‍ക്കൈ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ’ – ആർ.ജെ.ഡി നേതാവ് മനോജ് ഝാ പറഞ്ഞു.

മനോജ് ഝാ

ധാരാളം ആളുകള്‍ കണ്‍കെട്ട് കളിക്കാന്‍ ശ്രമിക്കുമെന്ന് തങ്ങള്‍ക്കറിയാമെന്നും എന്നാല്‍ തങ്ങളുടെ നേതാക്കളോടും സ്ഥാനാര്‍ത്ഥികളോടും വിജയം മഹാസഖ്യത്തിനായിരിക്കുമെന്നാണ് പറയാനുള്ളതെന്നുമാണ് മനോജ് ഝാ കൂട്ടിച്ചേർത്തു. വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ മഹാസഖ്യത്തിനായിരുന്നു വ്യക്തമായ ആധിപത്യം. പിന്നീട് എന്‍.ഡി.എ മുന്നേറുകയായിരുന്നു. വോട്ടെണ്ണല്‍ ആരംഭിച്ച് 9 മണിക്കൂറുകള്‍ പിന്നിടുമ്പോഴും 50 ശതമാനത്തോളം വോട്ടുകള്‍ മാത്രമാണ് ഇതുവരെ എണ്ണിയിരിക്കുന്നത്. അതുകൊണ്ടുതന്നെ നിലവിലെ കണക്കുകള്‍ പ്രകാരം ഒരു കക്ഷിക്കും ഭൂരിപക്ഷം പ്രവചിക്കാന്‍ സാധിക്കില്ല. ഇനിയും പകുതിയിലേറെ വോട്ടുകള്‍ എണ്ണാനുള്ളതിനാല്‍ ബിഹാറിലെ അന്തിമഫലം പ്രവചനാതീതമാണ്.