Bihar Election| ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് സിന്‍ഹക്ക് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകള്‍; ഗുരുതര ആരോപണവുമായി തേജസ്വി യാദവ്

Jaihind News Bureau
Sunday, August 10, 2025

പട്‌ന: ബിഹാറില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടര്‍ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കലുമായി (SIR) ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ, ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയ്ക്ക് രണ്ട് വ്യത്യസ്ത നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. സിന്‍ഹയ്ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലഖിസരായി, ബാങ്കിപ്പൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയില്‍ വിജയ് സിന്‍ഹയുടെ പേരുണ്ടെന്നാണ് തേജസ്വി യാദവിന്റെ ആരോപണം. രണ്ട് വ്യത്യസ്ത ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് (EPIC) നമ്പറുകളാണുള്ളത്. ഒരു പട്ടികയില്‍ 57 വയസ്സും മറ്റൊന്നില്‍ 60 വയസ്സുമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹ രണ്ട് ജില്ലകളിലായി രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടറാണ്. ലഖിസരായിയിലും പട്‌നയിലെ ബാങ്കിപ്പൂരിലും അദ്ദേഹത്തിന് വോട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സംക്ഷിപ്ത പുതുക്കലിന് ശേഷവും ഇത് സംഭവിച്ചു എന്നത് ആശ്ചര്യകരമാണ്. ഇതിന് ആരാണ് ഉത്തരവാദി? സിന്‍ഹയോ അതോ തിരഞ്ഞെടുപ്പ് കമ്മീഷനോ? ഈ വെളിപ്പെടുത്തലുകള്‍ക്ക് ശേഷം സിന്‍ഹ എപ്പോള്‍ രാജിവെക്കും?’ ബിഹാര്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ചോദിച്ചു.

ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവും സിന്‍ഹയുടെ പേര് രണ്ട് മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ടതിന്റെ രേഖകള്‍ എക്‌സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചു. ‘വോട്ടര്‍ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കലിന് ശേഷവും ഒന്നിലധികം മണ്ഡലങ്ങളില്‍ വോട്ടറായതിന് ഉപമുഖ്യമന്ത്രി വിജയ് സിന്‍ഹയ്ക്കെതിരെ ക്രിമിനല്‍ കേസ് നിലനില്‍ക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമോ?’ ലാലു പ്രസാദ് കുറിച്ചു.

അതേസമയം, ആര്‍ജെഡിയുടെ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് വിജയ് കുമാര്‍ സിന്‍ഹ രംഗത്തെത്തി. ബാങ്കിപ്പൂരിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് തന്റെ പേര് നീക്കം ചെയ്യാന്‍ അപേക്ഷ നല്‍കിയിരുന്നുവെന്നും അതിന്റെ രസീതുകള്‍ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘മുന്‍പ് എനിക്കും കുടുംബാംഗങ്ങള്‍ക്കും ബാങ്കിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലായിരുന്നു വോട്ട്. 2024 ഏപ്രിലില്‍ ലഖിസരായിയിലേക്ക് പേര് ചേര്‍ക്കാന്‍ ഞാന്‍ അപേക്ഷ നല്‍കി. അതോടൊപ്പം ബാങ്കിപ്പൂരില്‍ നിന്ന് എന്റെയും കുടുംബാംഗങ്ങളുടെയും പേരുകള്‍ നീക്കം ചെയ്യാനുള്ള ഫോമും പൂരിപ്പിച്ച് നല്‍കിയിരുന്നു. അതിന് എന്റെ പക്കല്‍ തെളിവുണ്ട്. ചില കാരണങ്ങളാല്‍ ബാങ്കിപ്പൂരിലെ പട്ടികയില്‍ നിന്ന് എന്റെ പേര് നീക്കം ചെയ്യപ്പെട്ടില്ല. കരട് വോട്ടര്‍ പട്ടിക വന്നപ്പോള്‍ ഞാന്‍ ബൂത്ത് ലെവല്‍ ഓഫീസറെ വിളിച്ച് രേഖാമൂലം അപേക്ഷ നല്‍കുകയും പേര് ഒഴിവാക്കുന്നതിനുള്ള രസീത് വാങ്ങുകയും ചെയ്തിട്ടുണ്ട്,’ ബിജെപി നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘ഞാന്‍ ഒരിടത്ത് മാത്രമാണ് വോട്ട് ചെയ്യുന്നത്. കഴിഞ്ഞ തവണയും അങ്ങനെയായിരുന്നു. തെറ്റായ വിവരങ്ങള്‍ നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ‘തേജസ്വി ശ്രമിക്കുന്നത്. എനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചതിന് അദ്ദേഹം മാപ്പ് പറയണം,’ സിന്‍ഹ കൂട്ടിച്ചേര്‍ത്തു.