ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ആര്‍. ഗ്യാനേഷ് കുമാര്‍ അറിയിച്ചു. ഒന്നാം ഘട്ടം നവംബര്‍ ആറിനും രണ്ടാം ഘട്ടം നവംബര്‍ 11 നും നടക്കും. തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്തണമെന്നത് പ്രതിപക്ഷ ആവശ്യമായിരുന്നു. നവംബര്‍ 14 ന് ബിഹാറിലെ ജനങ്ങള്‍ വിധിയെഴുതും.
ആകെ 7.43 കോടി വോട്ടര്‍മാരാണുള്ളത്. അതില്‍ 3.92 കോടി പുരുഷന്മാരും, 3.5 കോടി സ്ത്രീകളുമാണുള്ളത്. 14 ലക്ഷം പുതിയ വോട്ടര്‍മാര്‍ ചേര്‍ന്നിട്ടുണ്ട്. 90,712 പോളിങ് സ്റ്റേഷനുകള്‍ ഉള്ളതില്‍ 1044 എണ്ണം സ്ത്രീകള്‍ കൈകാര്യം ചെയ്യും. എല്ലാ പോളിങ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് സൗകര്യം ഉണ്ടാകും. ജൂണ്‍ 24-ന് ശുദ്ധീകരണ പ്രക്രിയ ആരംഭിച്ചിരുന്നു. ഓഗസ്റ്റ് 1-ന് കരട് പ്രസിദ്ധീകരിച്ചു. സെപ്റ്റംബര്‍ 30-ന് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതില്‍ ബിഹാര്‍ രാജ്യത്തിന് മാതൃകയായെന്ന് കമ്മിഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
243 അംഗ നിയമസഭയുടെ കാലാവധി നവംബറില്‍ അവസാനിക്കും. നവംബര്‍ 22-ന് മുന്‍പ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. ബിഹാര്‍ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി നടത്തണമെന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ബിജെപി ഒറ്റ ഘട്ടമായി നടത്തണമെന്നാണ് ആവശ്യപ്പെട്ടത്.
ബിഹാര്‍ തിരഞ്ഞെടുപ്പിനൊപ്പം ഏഴ് സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളും നടക്കും. ജമ്മു കശ്മീരിലെ ബുദ്ഗാം, നഗ്‌റോട്ട, രാജസ്ഥാനിലെ അന്റ, ജാര്‍ഖണ്ഡിലെ ഗഡ്‌സില, തെലങ്കാനയിലെ ജൂബിലി ഹില്‍സ്, പഞ്ചാബിലെ തര്‍ന് തരന്‍, മിസോറാമിലെ ധംപ, ഒഡീഷയിലെ നുആപഡ എന്നിവിടങ്ങളിലാണ് നടക്കുക.