കർണാടകയിലേത് ഏറ്റവും കൂടുതല്‍ അഴിമതി നടത്തുന്ന സർക്കാർ; രൂക്ഷ വിമർശനവുമായി രാഹുല്‍ ഗാന്ധി

Jaihind Webdesk
Monday, October 3, 2022

May be an image of 5 people, people sitting, people standing and outdoors

ബംഗളുരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ ഇന്നത്തെ പര്യടനം പാണ്ഡവപുരത്ത് സമാപിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി യാത്രയിൽ പങ്കാളിയാവാനായി മൈസുരുവിലെത്തി. ഈ മാസം 6 ന് നാഗമംഗലയിൽ വെച്ച് സോണിയാ ഗാന്ധി പദയാത്രയിൽ പങ്കെടുക്കും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അഴിമതിയുള്ള സർക്കാരാണ് കർണാടകയിലെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

രാവിലെ മൈസുരു നഗരത്തിൽ നിന്നാണ് ഭാരത് ജോഡോ യാത്രയുടെ ഇന്നത്തെ പര്യടനം ആരംഭിച്ചത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി  പ്രസിഡന്‍റ് ഡി.കെ ശിവകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ രാഹുൽ ഗാന്ധിക്ക് ഒപ്പം അണിനിരന്നു

ശ്രീരംഗപട്ടണത്തുനിന്നാണ് ഉച്ചയ്ക്ക് ശേഷത്തെ ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. തുടർന്ന് ജാഥ മാണ്ഡ്യ ജില്ലയിൽ പ്രവേശിച്ചു. സ്ത്രീകൾ ഉൾപ്പടെയുള്ള വന്‍ ജനാവലി രാഹുൽ ഗാന്ധിയെ വരവേറ്റു. പാണ്ഡവപുരത്താണ് ഇന്നത്തെ പര്യടനം സമാപിച്ചത്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ അഴിമതിയുള്ള സർക്കാരാണ് കർണാടകയിലേതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എല്ലാ വികസന പ്രവൃത്തികൾക്കും 40 ശതമാനം കമ്മീഷൻ വാങ്ങുന്ന സർക്കാരാണ് കർണാടക ഭരിക്കുന്നത്. ഗവണ്‍മെന്‍റ് കോൺട്രാക്ടർമാർ സർക്കാരിന്‍റെ അഴിമതി സംബന്ധിച്ച് പരാതി കത്ത് നൽകിട്ടും അതിനെ കുറിച്ച് പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ദസറയോടനുബന്ധിച്ച് ഭാരത് ജോഡോ യാത്രയ്ക്ക് നാളെയും മറ്റന്നാളും ഇടവേളയാണ്. ഒക്ടോബർ 6 ന് യാത്ര പുനഃരാരംഭിക്കും. 6 ന് രാവിലെ നാഗമംഗലയിൽ വെച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പദയാത്രയിൽ പങ്കെടുക്കും. പദയാത്രയിൽ പങ്കെടുക്കാനായി സോണിയാ ഗാന്ധി മൈസുരുവിൽ എത്തിചേർന്നു. വിമാനത്താവളത്തില്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഡി.കെ ശിവകുമാർ ഉള്‍പ്പെടെയുള്ള നേതാക്കള്‍ എത്തി സോണിയാ ഗാന്ധിയെ സ്വീകരിച്ചു.

May be an image of 3 people, people sitting, people standing, crowd and outdoors