V D Satheesan| ‘സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച’: സ്വര്‍ണ്ണ നികുതി വെട്ടിപ്പ് തടയുന്നതില്‍ വന്‍വീഴ്ച’: സര്‍ക്കാരിനെതിരെ വി.ഡി. സതീശന്‍

Jaihind News Bureau
Monday, September 29, 2025

സംസ്ഥാന ചരിത്രത്തില്‍ ഒരിക്കലും ഉണ്ടാകാത്ത ഗുരുതരമായ ധനപ്രതിസന്ധിയില്‍ കേരളം കൂപ്പുകുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നികുതി പിരിവിലെ വീഴ്ചയും കെടുകാര്യസ്ഥതയും കാരണം ജനജീവിതം സ്തംഭിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി ഒരു ലക്ഷം കോടി രൂപയോളം സര്‍ക്കാര്‍ നല്‍കാനുണ്ട്. ഈ വേളയിലും സര്‍ക്കാര്‍ വക സംഘടനകള്‍ കൈകൊട്ടിക്കളികളും വാഴ്ത്തുപാട്ടുകളും നടത്തുകയാണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. സ്വര്‍ണ്ണ നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതില്‍ വന്‍ വീഴ്ചയാണ് സര്‍ക്കാരിന് സംഭവിച്ചത്. സംസ്ഥാനത്ത് വ്യാപകമായ നികുതി വെട്ടിപ്പ് നടക്കുന്നു. നികുതി വകുപ്പ് ഇന്ന് കാര്യക്ഷമത ഇല്ലായ്മയുടെ പര്യായമായി മാറിയിരിക്കുകയാണ്. നികുതി പിരിവിലും ഘടനയിലും ശാസ്ത്രീയമായ ഒരു സമീപനം കൈക്കൊള്ളാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിസന്ധി കാരണം പട്ടികജാതി വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് പോലും നല്‍കുവാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. കൂടാതെ, സംസ്ഥാനത്ത് ഹൃദയശസ്ത്രക്രിയകള്‍ വരെ മുടങ്ങുന്ന അതീവ ഗുരുതരമായ സാഹചര്യമാണുള്ളത്. സര്‍ക്കാര്‍ നല്‍കുവാനുള്ള കുടിശ്ശികയുടെ കണക്കുകള്‍ സഭയില്‍ നിരത്തിയാണ് പ്രതിപക്ഷ നേതാവ് വിമര്‍ശനം ഉന്നയിച്ചത്.