തരൂരിനെ വേട്ടയാടിയവര്‍ക്ക് വന്‍ തിരിച്ചടി : കെ സുധാകരന്‍ എം.പി

Jaihind Webdesk
Wednesday, August 18, 2021

 

തിരുവനന്തപുരം : സുനന്ദ പുഷ്‌കറിന്‍റെ കേസില്‍ ശശി തരൂരിനെതിരെ ബിജെപിയും സിപിഎമ്മിയും നടത്തിയ രാഷ്ട്രീയ വേട്ടയാടലിനും കള്ളപ്രചരണത്തിനും അറുതി വരുത്തി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ കോടതിവിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പി. ഏഴ് വര്‍ഷം തരൂരിനെ തേജോവധം ചെയ്തവര്‍ ക്ഷമപറയാനെങ്കിലും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തരൂര്‍ ലോക്സഭയിലേക്കു മത്സരിച്ചപ്പോള്‍ ഈ വിഷയം ഉയര്‍ത്തിയാണ് എല്‍ഡിഎഫ് അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ ശ്രമിച്ചത്. ദേശീയതലത്തില്‍ ബിജെപി തരൂരിനെതിരേ പ്രചാരണം അഴിച്ചുവിട്ട് കോണ്‍ഗ്രസിനെ ജനമധ്യത്തില്‍ താറടിക്കാന്‍ ശ്രമിച്ചു. അവര്‍ക്ക് കിട്ടിയ വന്‍ തിരിച്ചടിയാണ് കോടതി വിധി.

തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും ഗാര്‍ഹിക പീഡനവുമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുള്ള ഡല്‍ഹി പോലീസ് ചുമത്തിയത്. യാതൊരു തെളിവുകളുമില്ലാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ തരൂരിനെ വേട്ടയാടാന്‍ പോലീസിനെ ചട്ടുകമാക്കി. 10 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. കൊലപാതക സാധ്യത തള്ളിക്കളയാനാവില്ലെന്നും വിചാരണയ്ക്കിടയില്‍ പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. നെറികെട്ട ഈ ആരോപണങ്ങളും രാഷ്ട്രീയഗൂഢാലോചനയുമെല്ലാം കോടതി ചവറ്റുകുട്ടിയില്‍ വലിച്ചെറിഞ്ഞിട്ടാണ് തരൂരിനെ കുറ്റവിമുക്തനാക്കിയതെന്ന് സുധാകരന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്‍റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങി പ്രതിപക്ഷ നേതാക്കളെ വേട്ടയായുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് സിബിഐ കൂട്ടിലടച്ച തത്തയാണെന്ന മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്‍റെ നിരീക്ഷണത്തിന് ഈ സാഹചര്യത്തില്‍ ഏറെ പ്രസക്തിയുണ്ട്. സത്യത്തെ ഒരിക്കലും മറയ്ക്കാനാവില്ലെന്ന് തെളിയിക്കുന്നത് കൂടിയാണ് ഡല്‍ഹി ഹൈക്കോടതി വിധിയെന്നും സുധാകരന്‍ പറഞ്ഞു.