മലയാളം സര്‍വ്വകലാശാല ഭൂമി വാങ്ങുന്നതിന് പിന്നിൽ വന്‍ അഴിമതി; കെ.ടി ജലീലിനും സി.പി.എമ്മിനും അഴിമതിയിൽ പങ്കെന്ന് പി.കെ ഫിറോസ്

Jaihind News Bureau
Thursday, August 20, 2020

KT-Jaleel-PK-Firoz

മലയാളം സര്‍വ്വകലാശാല ഭൂമി വാങ്ങുന്നതിന് പിന്നിൽ വന്‍ അഴിമതിയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിനും സി.പി.എമ്മിനും അഴിമതിയിൽ പങ്കുണ്ട്. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും പികെ ഫിറോസ് കോഴിക്കോട് ആവശ്യപ്പെട്ടു.

തിരൂര്‍ മലയാളം സര്‍വ്വകലാശാലക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. കണ്ടല്‍കാടുകള്‍ നിറഞ്ഞതും സി.ആര്‍.ഇസെഡിന്‍റെ പരിധിയില്‍ വരുന്നതുമായി തുച്ഛവിലയുള്ള ഭൂമിക്ക് ഉയര്‍ന്ന് വിലയാണ് നിശ്ചയിച്ചിട്ടുള്ളത്. താനൂര്‍ എം.എല്‍.എ വി. അബ്ദുറഹിമാന്‍റെ ബന്ധുക്കളുടെയും തിരൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ലില്ലീസ് ഗഫൂറിന്‍റെയും അദ്ദേഹത്തിന്‍റെ ബന്ധുക്കളുടെയും ഉടമസ്ഥതയില്‍ ഉള്ളതാണ് ഭൂമി. നേരത്തെ ഈ സ്ഥലം നിര്‍മ്മാണ യോഗ്യമല്ലെന്നും ഉയര്‍ന്ന വില നിശ്ചയിച്ചാണ് ഭൂമി ഏറ്റെടുത്തതെന്നും ആരോപണം ഉയര്‍ന്നപ്പോള്‍ നിര്‍മ്മാണ യോഗ്യമാണെന്ന മറുപടിയായിരുന്നു സര്‍ക്കാര്‍ നല്‍കിയിരുന്നത്.

16,63,66,313 രൂപ വില നിശ്ചയിച്ചിട്ടുള്ളതില്‍ 9 കോടി രൂപ ഇതിനകം അനുവദിച്ചു കഴിഞ്ഞു. ശ്രീ. കെ.ടി ജലീല്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായതിന് ശേഷമാണ് നാട്ടുകാരുടെയും സ്ഥലം എം.എല്‍.എയുടെയും എതിര്‍പ്പുകള്‍ അവഗണിച്ച് കൊണ്ട് പണം അനുവദിച്ചത്. 2020 ജൂലൈ 16ന് നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലില്‍ എക്‌സ്‌പെര്‍ട്ട് കമ്മറ്റി സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടില്‍ ഈ ഭൂമി സി.ആര്‍.ഇസെഡ് 3ല്‍ നോണ്‍ ഡെവപ്‌മെന്‍റ് സോണില്‍ ഉള്‍പ്പെടുന്നതാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നിര്‍മ്മാണ യോഗ്യമല്ലാത്ത ഭൂമി ഉയര്‍ന്ന വിലക്ക് ഏറ്റെടുത്ത് ഭരണകക്ഷി എം.എല്‍.എക്കും ഇടത്പക്ഷ മുന്നണി സ്ഥാനാര്‍ത്ഥിക്കും വന്‍ ലാഭം കൊയ്യാനുള്ള അവസരം ഒരുക്കുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്തത് എന്നും പികെ ഫിറോസ് കുറ്റപ്പെടുത്തി.