ലൈഫ് പദ്ധതിയുടെ മറവില്‍ വന്‍ അഴിമതി: രമേശ് ചെന്നിത്തല

Jaihind Webdesk
Friday, October 11, 2019

കൊച്ചി: ലൈഫ് പദ്ധതിക്ക് വേണ്ടി ഒന്‍പത് കോടി രൂപ മുതല്‍ മുടക്കി സര്‍ക്കാര്‍ ചെന്നൈ ആസ്ഥാനമായി കണ്‍സള്‍ട്ടന്‍സി കമ്പനിയെ തീരുമാനിച്ചത് അഴിമതിക്ക് കളമൊരുക്കാന്‍ വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ പദ്ധതി നടപ്പാക്കാന്‍ കണ്‍സള്‍ട്ടന്‍സിയുടെ ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  എല്‍.സി.ജിയുടെ എഞ്ചിനിയറിംഗ് വിംഗിനെയും മരാമത്ത് വകുപ്പിന്റെ ബില്‍ഡിംഗ് ഡിവിഷനെയും മറ്റ് സര്‍ക്കാര്‍ നിര്‍മാണ ഏജന്‍സികളേയും നോക്കുകുത്തിയാക്കി കമ്മീഷന്‍ തട്ടാനുള്ള സര്‍ക്കാരിന്റെ ശ്രമം തികച്ചും അപലപനീയമാണ് – രമേശ് ചെന്നിത്തല പറഞ്ഞു.

ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിന് ലൈഫ്മിഷന്‍ പ്രൊജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സിയെ നിയമിച്ച നടപടി സാധൂകരിച്ച് കൊണ്ട് ഇറക്കിയ സര്‍ക്കാരിന്‍റെ ഉത്തരവ് ഈ സര്‍ക്കാരിന്‍റെ ധൂര്‍ത്തിന്‍റെ അവസാനത്തെ തെളിവാണെന്നും ചെന്നൈയിലെ നാരായണ റാവു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് 1.95 % കണ്‍സള്‍ട്ടന്‍സി ഫീ നല്‍കുമ്പോള്‍ ഏകദേശം 9 കോടി രൂപ ഒരു സ്വകാര്യ സ്ഥാപനത്തിന് സര്‍ക്കാര്‍ വെറുതെ നല്‍കുകയാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.