ജമാൽ ഖഷോഗി വധക്കേസിൽ നിർണായക വഴിത്തിരിവ്

മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ വധിച്ച കേസിൽ നിർണായക വഴിത്തിരിവ്. വധത്തിനു പിന്നിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ കൈകളുണ്ടെന്നതിനു വിശ്വസനീയമായ തെളിവുണ്ടെന്നു ഐക്യരാഷ്ട്ര സംഘടന പ്രത്യേക അന്വേഷക ആഗ്നസ് കലമാഡിന്‍റെ പുതിയ റിപ്പോർട്ട്. അന്വേഷണം ശക്തമാക്കണമെന്ന് യുഎൻ ആവശ്യപ്പെട്ടു.

സൗദി കിരീടാവകാശിയുടെ വിമർശകനായ ജമാൽ ഖശോഗിയുടെ കൊലപാതകത്തിൽ തുർക്കി-സൗദിയുടെ അന്വേഷണം വെവ്വേറെയാണ് നടന്നത്. ഈ സാഹചര്യത്തിലാണ് യുഎൻ മനുഷ്യാവകാശ കമ്മീഷൻ പ്രത്യേക കമ്മീഷനെ നിയോഗിച്ചതും. ആഗ്നസ് കാളമാർഡിന് കീഴിലുള്ള സമിതിയന്വേഷിച്ച റിപ്പോർട്ടിൽ കിരീടാവകാശിയുൾപ്പെടെ സൗദിയുടെ മുതിർന്ന ഉദ്യോഗസ്ഥർ അന്വേഷണം നേരിടണമെന്ന് പറയുന്നു.

കഴിഞ്ഞ വർഷം ഒക്ടോബർ 2നാണ് ഖശോഗി കൊല്ലപ്പെട്ടത്. തുർക്കിയിലെ സൗദി എംബസിയിൽ വെച്ച് ചോദ്യം ചെയ്യലിനിടെ മരുന്ന് കുത്തിവെച്ച് ശ്വാസം മുട്ടിച്ച് കൊന്നെന്നാണ് പ്രാഥമിക വിവരം. ശേഷം കഷ്ണങ്ങളാക്കി എംബസി വാഹനത്തിൽ കൊണ്ടു പോയെങ്കിലും മൃതദേഹം കണ്ടെത്താനായിട്ടില്ല.

സൗദി ഇന്‍റലിജൻസിലെ മുതിർന്ന ഉദ്യോഗസ്ഥരടക്കം 11 പേരിൽ 5 പേർക്ക് വധശിക്ഷാ ശിപാർശ നൽകിയിരുന്നു സൗദി ക്രിമിനൽ കോടതി. വിഷയത്തിൽ ഏകപക്ഷീയ അന്വേഷണത്തിന് പകരം അന്താരാഷ്ട്ര അന്വേഷണം വേണമെന്നാണ് യുഎൻ സമിതിയുടെ ശിപാർശ. റിപ്പോർട്ട് തള്ളിയ സൗദി, അധികാരികൾക്ക് നേരെയുള്ള ആസൂത്രിതമായ നീക്കമാണിതെന്നും പ്രതികരിച്ചു.

Comments (0)
Add Comment