കേന്ദ്രസർക്കാരിന് തിരിച്ചടിയായി, ഭാരത് രത്ന നിരസിച്ച് ഭൂപെൻ ഹസാരികയുടെ കുടുംബം

Jaihind Webdesk
Monday, February 11, 2019

പ്രശസ്ത സംഗീതജ്ഞൻ ഭൂപെൻ ഹസാരികയുടെ കുടുംബം ഭാരത് രത്ന നിരസിച്ചു. പൗരത്വബിൽ കൊണ്ടുവന്ന കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ് ഹസാരികയുടെ കുടുംബം ഭാരത് രത്ന നിരസിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേ കേന്ദ്രസർക്കാരിന് കനത്ത തിരിച്ചടിയാണ് ഈ തീരുമാനം.

അസമിന്റെ സംഗീതലോകത്തുനിന്ന് രാജ്യവും ലോകവുമറിയുന്ന സംഗീതജ്ഞനായി വളര്‍ന്ന ഭൂപെന്‍ ഹസാരികയ്ക്കുള്ള ബഹുമതി സംഗീതത്തിനും വടക്കുകിഴക്കന്‍ മേഖലയ്ക്കുള്ള അംഗീകാരം കൂടിയായാണ് വിലയിരുത്തപ്പെട്ടത്. സുധാകാന്ത എന്നറിയപ്പെട്ടിരുന്ന ഹസാരിക സംഗീതത്തിനപ്പുറം അസമിന്‍റെ സാമൂഹികജീവിതത്തിലും ഇടപെട്ടിരുന്നു. ‘രുദാലി’ ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ സംഗീതമൊരുക്കിയ, ഗായകനും ഗാനരചയിതാവും സംഗീതസംവിധായകനും ഒക്കെയായി തിളങ്ങിയ ഭൂപെന്‍ ഹസാരിക 2011-ല്‍ എണ്‍പത്തിയഞ്ചാം വയസ്സിലാണ് അന്തരിച്ചത്.

പൗരത്വബില്ലിനെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത പ്രതിഷേധമാണുയര്‍ന്നിട്ടുള്ളത്. പുതിയ ബില്ല് രാജ്യത്ത് രണ്ട് തരം പൗരൻമാരെ സൃഷ്ടിക്കുമെന്നാരോപിച്ചായിരുന്നു പ്രതിഷേധം. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും പുരസ്കാരം സ്വീകരിക്കുന്നത് ഭൂപെന്‍ ഹസാരികയുടെ നിലപാടുകളോടുള്ള അനീതിയാകുമെന്ന് കുടുംബം കരുതുന്നു.

അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജയിൻ, തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള ഇന്ത്യയിൽ നിശ്ചിത കാലം താമസിക്കുന്നവർക്ക് പൗരത്വം നൽകാൻ കഴിയുന്നതാണ് ബിൽ. 1971ന് ശേഷം ഇന്ത്യയിലേക്ക് കുടിയേറി എല്ലാ വിദേശപൗരൻമാരേയും തിരിച്ചയക്കാനാണ് 1985ലെ അസം ആക്ട് നിർദേശിക്കുന്നത്. എന്നാൽ 1955ലെ പൗരത്വ നിയമം ഭേദഗതി ചെയ്തതോടെ ഈ രാജ്യങ്ങളിൽ നിന്നുള്ള ആറ് വർഷം ഇന്ത്യയിൽ താമസിച്ചവർക്ക് പൗരത്വം നൽകും. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നു കൂടിയായിരുന്നു ഇത്.