ലോക്ക്ഡൗൺ കാലത്തും ജനങ്ങളെ കൊള്ളയടിച്ച് കെഎസ്ഇബി; വൈദ്യുതി ബില്ലിൽ നാലിരട്ടി വരെ വർദ്ധനവ്‌

Jaihind News Bureau
Wednesday, June 10, 2020

ലോക്ക്ഡൗൺകാലത്ത് വൈദ്യുതിനിരക്കിൽ കുത്തനെയുണ്ടായ വർദ്ധനയിൽ നിരവധി പരാതി. വൈദ്യുതോപകരണങ്ങളുടെ ഉപയോഗം കൂടിയതാകാം ബില്ല് ഉയരാന്‍ കാരണമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. എന്നാൽ അടച്ചിടൽ കാലത്ത് കൃത്യമായി മീറ്റർ റീഡിങ് നടക്കാഞ്ഞതിനാൽ വൈദ്യുതോപയോഗം ഉയർന്ന സ്ലാബിലേക്കു കയറിയതാണ് നിരക്ക് കൂടിയതെന്നാണ് മറ്റൊരു വിമർശനം.

ലോക്ക്ഡൗൺകാലത്ത് വീട്ടിൽ തന്നെ കഴിഞ്ഞവർ ബില്ലുകണ്ട് ഷോക്കിലായി. 30 ശതമാനംവരെ വർധന പലർക്കും ഉണ്ടായിട്ടുണ്ട്. വെദ്യുതോപകരണങ്ങളുടെ ഉപയോഗം കൂടിയതാകാം ബില്ല് ഉയർന്നതെന്ന് കെഎസ്ഇബിയുടെ വിശദീകരണം. എന്നാൽ അടച്ചിടൽ കാലത്ത് കൃത്യമായി മീറ്റർ റീഡിങ് നടക്കാഞ്ഞതിനാൽ വൈദ്യുതോപയോഗം ഉയർന്ന സ്ലാബിലേക്കു കയറിയതാണെന്നാണ് മറ്റൊരു വിമർശനം.  ഇടയ്ക്ക് മീറ്റർ റീഡിങ് നടക്കാത്തതിനാൽ തൊട്ടുമുമ്പുള്ള മൂന്നുമാസത്തെ ഉപയോഗത്തിന്‍റെ ശരാശരിയാണ് കണക്കാക്കിയത്.

സാധാരണയായി 30 ദിവസം, 60 ദിവസം എന്നിങ്ങനെയാണ് റീഡിങ് എടുക്കുന്നത്. അടച്ചിടൽ കാരണം ഏതാനും ദിവസംകൂടി കഴിഞ്ഞാണ് ഇത് എടുത്തത്. അപ്പോഴേക്കും ഉപയോഗം നിശ്ചിത യൂണിറ്റ് കഴിഞ്ഞ് ഉയർന്ന സ്ലാബിലേക്കു കയറുകയും നിരക്ക് വർധിക്കുകയും ചെയ്തു. കമ്പ്യൂട്ടർ ബില്ലിംഗ് ആയതിനാൽ അതിനുളള മുന്നൊരുക്കം കെഎസ്ഇബി നടത്തിയില്ല.

250 യൂണിറ്റ് വരെ ഓരോ സ്ലാബിനും ഓരോ നിരക്കാണ്. ആദ്യ 50 യൂണിറ്റിന് 3.15 രൂപ വീതം. അടുത്ത അമ്പത് യൂണിറ്റിന് 3.70. 4,80, 6.40, 7.60 എന്നിങ്ങനെയാണ് തുക. 250 യൂണിറ്റ് കഴിഞ്ഞാൽ മുഴുവൻ യൂണിറ്റിനും ഒരേ നിരക്ക് ബാധകമാകും. 300 യൂണിറ്റ് വരെ 5.80 രൂപ വീതം. ഉപഭോഗം 260 യൂണിറ്റാണെങ്കിൽ ഓരോ യൂണിറ്റിനും ഈ തുക നൽകണം. തുടർന്നുള്ള ഓരോ 50 യൂണിറ്റുകൾ കഴിയുംതോറും നിരക്ക് വർധിക്കും. ഇത്തവണ 35 ദിവസം കഴിഞ്ഞാണ് റീഡിങ് എടുത്തതെങ്കിൽ 250 യൂണിറ്റിന് മുകളിൽപോയവർക്കെല്ലാം വൻ നിരക്ക് വർദ്ധന ഉണ്ടായിട്ടുണ്ടാകും. കമ്പ്യൂട്ടർ പ്രോഗ്രാമിൽ മാറ്റം വരുത്തിയോ ആടുത്ത മാസത്തിൽ ഇളവ് ചെയ്തോ കെഎസ്ഇബിക്ക് ഇത് പരിഹരിക്കാവുന്നതാണ്. എന്നാൽ വൻ തുക എങ്ങനെ അടക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ.