യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുള്‍’ ബജറ്റ് ബില്‍ ജനപ്രതിനിധി സഭയില്‍ പാസായി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സഭയില്‍ 218-214 വോട്ടിന് ബില്‍ പാസായി. നേരത്തെ ബില്‍ യുഎസ് സെനറ്റ് അംഗീകരിച്ചിരുന്നു. അമേരിക്കന്‍ സ്വാതന്ത്ര്യ ദിനമായ ഇന്ന് ട്രംപ് ബില്ലില്‍ ഒപ്പ് വെക്കും.
അമേരിക്കയിലും പുറത്തും തൊഴില്‍, കുടിയേറ്റ, സാമ്പത്തിക മേഖലകളെ വലിയ തോതില്‍ ബാധിക്കുന്നതാണ് ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബജറ്റ് ബില്‍. കുടിയേറ്റ വിരുദ്ധ നടപടികള്‍ക്ക് വന്‍ തോതില്‍ തുക ചിലവഴിക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. കടുത്ത എതിര്‍പ്പുകള്‍ തുടരുന്നതിനിടെ ‘ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’ പാസാക്കാന്‍ സാധിച്ചത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വലിയ വിജയമായിട്ടാണ് വിലയിരുത്തുന്നത്. ചൊവ്വാഴ്ച സെനറ്റില്‍ 100 അംഗങ്ങളില്‍ 50 പേര് ബില്ലിനെ അനുകൂലിച്ചത് ട്രംപിന് നേട്ടമായി. സെനറ്റ് അധ്യക്ഷനായ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തതോടെയാണ് സെനറ്റില്‍ ബില്‍ പാസായത്.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണവേളയിലുടനീളം ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ ട്രംപ് മുന്നോട്ട് വെച്ചിരുന്നു. ‘അമേരിക്ക ഫസ്റ്റ്’ നയം മുറുകെപ്പിടിക്കുന്ന വ്യക്തിഗത, ബിസിനസ് നികുതി ഇളവുകളും ചിലവുകളും കൂടിച്ചേര്‍ന്ന ബില്‍ സമ്പന്നര്‍ക്ക് ഗുണകരമാണ്. നികുതി ഇളവ് വിഭാവനം ചെയ്യുന്ന ഈ ബില്‍ അനുസരിച്ച് അടുത്ത വര്‍ഷം താഴ്ന്ന വരുമാനക്കാര്‍ക്ക് തുച്ഛമായ 150 ഡോളറിന്റെയും ഇടത്തരക്കാര്‍ക്ക് 1750 ഡോളറിന്റെയും സമ്പന്നര്‍ക്ക് 10,950 ഡോളറിന്റെയും ഇളവാണ് നല്‍കുന്നത്.
ചെലവ് വെട്ടിക്കുറയ്ക്കലും കൂടുതല്‍ ബാധിക്കുന്നത് താഴെത്തട്ടിലുള്ളവരെയും അവശത അനുഭവിക്കുന്നവരെയുമാണ്. പോഷകാഹാരത്തിന്റെയും ആരോഗ്യ പരിചരണത്തിന്റെയും ചെലവുകള്‍ വെട്ടി കുറയ്ക്കുന്നത് 12 ലക്ഷം മുതല്‍ 42 ലക്ഷം വരെ വരുന്ന ആളുകളെ ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. പ്രകൃതിസൗഹൃദ ഊര്‍ജ പദ്ധതികള്‍ക്കുള്ള ഇളവുകള്‍ നിര്‍ത്തലാക്കുകയും ചെയ്യും.
‘ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’ പാസാക്കിയത് ഒരു ചരിത്ര നേട്ടമാണെന്ന് ട്രംപ് പറഞ്ഞു. ബില്‍ പാസായതില്‍ എല്ലാവര്ക്കും അഭിനന്ദനങ്ങളെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പറഞ്ഞു. ജൂലൈ നാലിനകം ബില്‍ പാസാക്കാന്‍ സാധിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നുവെങ്കിലും അത് സാധിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ക്രൂരമായ ബജറ്റ് ബില്‍ എന്ന് മുന്‍ പ്രസിഡന്റ് ജോ ബൈഡന് വിമര്‍ശിച്ചു. ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ ആരോഗ്യ പരിരക്ഷ എടുത്തുകളയുന്നതാണ് ബില്ലെന്നും ശതകോടീശ്വരന്മാര്ക്ക് വന്‍തോതില്‍ നികുതി ഇളവ് നല്‍കുന്നതിനാണ് ട്രംപ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.