ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

Jaihind Webdesk
Friday, November 26, 2021

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവുമായ ബിച്ചു തിരുമല (80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

നാനൂറിലേറെ സിനിമകളില്‍ ആയിരത്തിലേറേ ഗാനങ്ങള്‍ രചിച്ചു.  എഴുപതുകളിലും എണ്‍പതുകളിലും ശ്യാം, എടി ഉമ്മര്‍, രവീന്ദ്രന്‍, ജി. ദേവരാജന്‍, ഇളയരാജ എന്നീ സംഗീതസംവിധായകരുമായി ചേര്‍ന്ന് നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചു.

1942 ഫെബ്രുവരി 13ന് ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടില്‍ പാറുക്കുട്ടിയമ്മയുടെയും സി ജി ഭാസ്‌ക്കരന്‍നായരുടെയും മൂത്തമകനായാണ് ബി. ശിവശങ്കരന്‍ നായര്‍ എന്ന ബിച്ചു തിരുമലയുടെ ജനനം. അദ്ദേഹത്തിന്‍റെ വിളിപ്പേരായിരുന്നു ബിച്ചു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബിഎ ബിരുദം നേടിയ ബിച്ചു തിരുമല 1970-ല്‍ എം. കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത ‘ശബരിമല ശ്രീ ധര്‍മ്മശാസ്താ’ എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ സഹസംവിധായകനായാണ് സിനിമാരംഗത്തെത്തുന്നത്. പിന്നീടാണ് ഗാനരചനയിലേക്ക് കടക്കുന്നത്. സി.ആര്‍.കെ നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിനു വേണ്ടി ‘ബ്രാഹ്മമുഹൂര്‍ത്തം’ എന്നു തുടങ്ങുന്ന ഗാനമെഴുതിയാണ് തുടക്കം. പക്ഷേ ആ ചിത്രം റിലീസായില്ല.

നടന്‍ മധു നിര്‍മ്മിച്ച ‘അക്കല്‍ദാമ’ യാണ് ബിച്ചു തിരുമല ഗാനമെഴുതി റിലീസായ ആദ്യചിത്രം. 1981ലും (തൃഷ്ണ, തേനും വയമ്പും) 1991ലും (കടിഞ്ഞൂല്‍ കല്യാണം) മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. 1985-ല്‍ പുറത്തിറങ്ങിയ ‘സത്യം’ എന്ന സിനിമയിലൂടെ സംഗീത സംവിധായകനുമായി. പിന്നണി ഗായിക സുശീലാദേവിയും സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമനും സഹോദരങ്ങളാണ്. പ്രസന്നയാണ് ഭാര്യ. ഏക മകന്‍ സുമന്‍.