കാർഷിക നിയമങ്ങളെക്കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സമിതിയില്‍ നിന്ന് ഭൂപീന്ദർ സിംഗ് മൻ പിന്മാറി

Jaihind News Bureau
Thursday, January 14, 2021

 

ന്യൂഡല്‍ഹി : കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച നാലംഗ സമിതിയിൽ നിന്ന് ഭൂപീന്ദർ സിംഗ് മൻ പിന്മാറി. കർഷകരുടേയും ജനങ്ങളുടേയും വികാരം പരിഗണിച്ചാണ് പിന്മാറ്റ തീരുമാനമെന്ന് ഭൂപീന്ദർ സിംഗ് അറിയിച്ചു. അതേസമയം കാർഷിക നിയമങ്ങളിൽ നാളെ കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തും.

കേന്ദ്രവും കര്‍ഷക യൂണിയനുകളും തമ്മിലുള്ള ചര്‍ച്ചകള്‍ സുഗമമാക്കുന്നതിന് സുപ്രീം കോടതി രൂപീകരിച്ച സമിതിയിലെ അംഗങ്ങള്‍ സര്‍ക്കാരിന്‍റെ കാര്‍ഷിക നയങ്ങളെ പിന്തുണയ്ക്കുന്നവരാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭൂപീന്ദർ സിംഗിന്‍റെ രാജി. ഭൂപീന്ദര്‍ സിംഗ് മന്‍, അശോക് ഗുലാത്തി, ഡോ. പ്രമോദ് കുമാര്‍ ജോഷി, അനില്‍ ധന്‍വാത് എന്നിവരാണ് സമിതിയിലുണ്ടായിരുന്നത്.

കേന്ദ്രസര്‍ക്കാരിന്‍റെ കാര്‍ഷിക നിയമ ഭേഗദതിക്ക് സുപ്രീം കോടതി സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. ഒരു വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ആ സമിതി കര്‍ഷകരുടെ നിലപാടുകള്‍ കേള്‍ക്കുമെന്നും അതിന് ശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നും അതുവരെ നിയമം നടപ്പാക്കരുതെന്നുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കോടതിയുടെ അധികാരം ഉപയോഗിച്ച് പ്രശ്‌നം തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി പറഞ്ഞു.

അതേസമയം സുപ്രീം കോടതി നിയോഗിച്ച സമിതിയില്‍ കാര്‍ഷിക നിയമത്തെ പിന്തുണയ്ക്കുന്നവരുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞിരുന്നു. അശോക് ഗുലാത്തി ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്രത്തിന്‍റെ കാര്‍ഷിക നിയമത്തെ അനുകൂലിക്കുന്നവരാണെന്നാണ് കര്‍ഷക സംഘടനകള്‍ ആരോപിച്ചത്. സ്ഥിതി ഇത്രയും വഷളാകുന്നത് വരെ നിശബ്ദത പാലിച്ച പ്രധാനമന്ത്രി തങ്ങളോട് മാപ്പ് പറയണമെന്നും കര്‍ഷക സംഘടന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.