CPI POSTER| സിപിഐയുടെ പോസ്റ്ററില്‍ ഭാരതാംബയുടെ ചിത്രം; വിവാദമായപ്പോള്‍ പിന്‍വലിച്ചു

Jaihind News Bureau
Tuesday, June 10, 2025

രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വിവാദമായിരിക്കെ, സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററില്‍ ദേശീയപതാകയേന്തിയ ഭാരതാംബയുടെ ചിത്രം ഉള്‍പ്പെടുത്തി. സംഭവം വിവാദമാകുമെന്നു കണ്ട് ജില്ലാ നേതൃത്വം പോസ്റ്റര്‍ പിന്‍വലിച്ചു. 13, 14, 15തീയതികളില്‍ കോട്ടയത്തിനു സമീപം പാക്കിലില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ പ്രചാരണാര്‍ഥമാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്.

ദേശീയപതാകയിലെ നിറങ്ങള്‍ ആലേഖനം ചെയ്ത സാരിയാണു ഭാരതാംബയുടെ ചിത്രത്തിലുള്ളത്. ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തണമെന്നാവശ്യപ്പെട്ടതു കൊണ്ടാണ് രാജ്ഭവനില്‍ നടന്ന പരിസ്ഥിതിദിനാചരണ പരിപാടി മന്ത്രി പി.പ്രസാദ് ബഹിഷ്‌കരിച്ചത്. ഇതിന് പിന്നാലെയാണ് പോസ്റ്ററുമായി കോട്ടയത്തെ സിപിഐ ജില്ലാ കമ്മിറ്റി രംഗത്തെത്തിയത്.