ഭാരതാംബാ വിവാദത്തില്‍ കേരള സര്‍വ്വകലാശാല റജിസ്ട്രാറെ വിസി സസ്പെന്‍ഡ് ചെയ്ത നടപടി സിന്‍ഡിക്കേറ്റ് റദ്ദാക്കി. താല്‍ക്കാലിക ചുമതല വഹിക്കുന്ന വിസി സിസ തോമസിന്റെ എതിര്‍പ്പ് തള്ളിയാണ് തീരുമാനം. സിന്‍ഡിക്കേറ്റിലെ തര്‍ക്കം കോടതിയെ അറിയിക്കാന്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ റദ്ദാക്കല്‍ തീരുമാനത്തിന് സാധുതയില്ലെന്നും തന്റെ സാന്നിധ്യത്തില്‍ അത്തരമൊരു തീരുമാനമുണ്ടായിട്ടില്ലെന്നും താന്‍ യോഗത്തില്‍ നിന്നും പുറത്തിറങ്ങിയ ശേഷമുള്ള തീരുമാനത്തിന് നിയമസാധുതയില്ലെന്നും വിസി സിസ തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം റജിസ്ട്രാറെ നിയമിക്കുന്നതിനും നടപടികളെടുക്കുന്നിനും സിന്‍ഡിക്കേറ്റിനാണ് ചുമതലയെന്നും വിസിയുടേത് ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയുള്ള തീരുമാനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സിന്‍ഡിക്കേറ്റ് തീരുമാനം. റജിസ്ട്രാറുടെ സസ്പെന്ഷന് ചര്‍ച്ച ചെയ്യുന്നതില്‍ ഇടത് അംഗങ്ങളുടെ ആവശ്യത്തിന് സിസ തോമസ് വഴങ്ങിയിരുന്നില്ല. സസ്പെന്ഷന് വിഷയം അജണ്ടയിലില്ലെന്നായിരുന്നു സിസ തോമസ് പറഞ്ഞത്.
സിന്‍ഡിക്കേറ്റ് തര്‍ക്കത്തിനിടെ വിസി പുറത്തിറങ്ങി. ഇതിന് ശേഷമാണ് സസ്പെന്ഷന് റദ്ദാക്കിയതായി ഇടത് അംഗങ്ങള്‍ അറിയിച്ചത്. റജിസ്ട്രാറുടെ സസ്പെന്ഷന് നടപടി നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇത് നാളെ കോടതി പരിഗണിക്കുമ്പോള്‍ സസ്പെന്ഷന് റദ്ദാക്കിയതിനെ വിയോജിച്ച് കുറിപ്പ് നല്കിയ സാഹചര്യങ്ങളടക്കം വിശദീകരിച്ച് സിസ തോമസിന് പ്രത്യേക സത്യവാങ്മൂലം നല്‍കാം. ഇന്നത്തെ സിന്‍ഡിക്കേറ്റ് യോഗത്തിലെ വിവരങ്ങളടക്കം വിസി കോടതിയെ അറിയിക്കും.