ആലപ്പുഴയുടെ മണ്ണില്‍ നാലാം ദിവസം പ്രയാണം തുടർന്ന് ഭാരത് ജോഡോ യാത്ര; നാളെ എറണാകുളം ജില്ലയില്‍

 

ആലപ്പുഴ: രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് ആലപ്പുഴ ജില്ലയിലെ പര്യടനം പൂർത്തിയാക്കും. ഇന്നു രാത്രിയോടെ എറണാകുളം ജില്ലയിൽ പ്രവേശിക്കുന്ന പദയാത്ര തുടർന്നുള്ള രണ്ടു ദിവസം ജില്ലയിലൂടെ പ്രയാണം ചെയ്യും. ഇന്ന് രാവിലെ ചേർത്തല എക്സ്റേ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച യാത്ര രാവിലെ 11 മണിക്ക് കുത്തിയതോട് എൻഎസ്എസ് ബിൽഡിം​ഗിലെത്തിച്ചേരുന്നതോടെ ഇന്നത്തെ ആദ്യ ഘട്ടത്തിന് സമാപനമാകും.

യാത്ര കാണാനും അഭിവാദ്യം അര്‍പ്പിക്കാനുമായി സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകളാണ് തടിച്ചുകൂടിയിരിക്കുന്നത്. ജില്ലയില്‍ ഇന്ന് യാത്ര  നാലാമത്തെ ദിവസമാണ് പര്യടനം നടത്തുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജില്ലയില്‍ 92 കിലോമീറ്റര്‍ ദൂരം പദയാത്ര സഞ്ചരിച്ചു.

ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറവൂരിലെ കയര്‍ മേഖലയിലെ തൊഴിലാളികളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും.  വൈകുന്നേരം നാലിന് കുത്തിയതോട് ജം​ഗ്ഷനിൽ നിന്നാണ് സായാഹ്നയാത്ര തുടങ്ങുക. രാത്രി ഏഴിന് അരൂരിൽ സമാപിക്കും. സമാപന സമ്മേളനത്തില്‍ ജാഥാ ക്യാപ്റ്റൻ രാഹുൽ ​ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്യും. തുടർന്ന് എറണാകുളം ജില്ലയിലേക്കു കടക്കുന്ന ജാഥാ അം​ഗങ്ങൾ കുമ്പളം ടോൾ പ്ലാസയിൽ രാത്രി താമസിക്കും. നാളെ രാവിലെ ടോൾ പ്ലാസ ജംക്‌ഷനിൽ നിന്ന് എറണാകുളം ജില്ലയിലെ യാത്രയ്ക്ക് തുടക്കമാകും.

Comments (0)
Add Comment