ആവേശക്കടലായി ഭാരത് ജോഡോ യാത്ര; ഹരിയാനയില്‍ പര്യടനം തുടരുന്നു

Jaihind Webdesk
Thursday, December 22, 2022

 

നൂഹ്/ഹരിയാന: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര ഹരിയാനയിൽ പര്യടനം തുടരുകയാണ്. നൂഹ് ജില്ലയിലാണ് ഇന്ന് പദയാത്ര പര്യടനം നടത്തുന്നത്. കടുത്ത തണുപ്പിനെയും അവഗണിച്ച് നൂറുകണക്കിനാളുകളാണ് പദയാത്രയിൽ പങ്കാളിയാകുന്നത്.

8 സംസ്ഥാനങ്ങള്‍ പിന്നിട്ട യാത്ര ജനലക്ഷങ്ങള്‍ക്ക് ആവേശമായി പ്രയാണം തുടരുകയാണ്. കഴിഞ്ഞ സെപ്റ്റംബർ 07 ന് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്ര 104 ദിവസം കഴിയുമ്പോള്‍ 8 സംസ്ഥാനങ്ങളും 43 ജില്ലകളും പിന്നിട്ട് ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ 8 സംസ്ഥാനങ്ങളിലെ പര്യടനം പൂർത്തിയാക്കിയാണ് യാത്ര ഹരിയാനയില്‍ പ്രവേശിച്ചത്. രാജ്യത്ത് വലിയ ചലനം സൃഷ്ടിച്ചാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മുന്നേറുന്നത്. വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നവരുടെ അജണ്ടകള്‍ക്കെതിരെ ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് യാത്ര ഇന്ത്യയിലുടനീളം പ്രയാണം നടത്തുന്നത്.

പിന്നിടുന്ന ഓരോ കേന്ദ്രങ്ങളിലും ആർത്തലച്ചെത്തുന്ന ജനസമുദ്രം യാത്രയെ ജനം എത്രത്തോളം ആവേശത്തോടെ സ്വീകരിക്കുന്നു എന്നതിന്‍റെ നേർസാക്ഷ്യമായി മാറുന്നു. 3500 ലേറെ കിലോമീറ്ററുകള്‍ താണ്ടുന്ന യാത്ര കശ്മീരില്‍ സമാപിക്കുന്നതോടെ വലിയ ഒരു മാറ്റത്തിനാകും രാജ്യം സാക്ഷ്യം വഹിക്കുന്നത്. ഒരുമിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന രാജ്യം എന്നതാണ് യാത്രയുടെ മുദ്രാവാക്യം.