ചരിത്രം കുറിക്കാന്‍ ഭാരത് ജോഡോ യാത്ര; രാജ്യത്തെ വീണ്ടെടുക്കാനുള്ള യാത്രയില്‍ ഒറ്റക്കെട്ടായി അണിചേരണം: ആഹ്വാനം ചെയ്ത് പ്രമുഖർ

Monday, September 5, 2022

 

മോദി സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണയുമായി രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ വിദഗ്ധർ. ഭിന്നിപ്പിക്കലിന്‍റെ കാലത്ത് രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ഭാരത് ജോഡോ യാത്രയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രഗത്ഭർ രംഗത്തെത്തിയത്. ജനം ഒറ്റക്കെട്ടായി യാത്രയിൽ അണിനിരക്കണമെന്നും ഇവർ ആഹ്വാനം ചെയ്തു.

രാജ്യത്തെ വീണ്ടെടുക്കാനുള്ള യാത്രയിൽ ഏവരും ഒറ്റക്കെട്ടായി രാഹുൽ ഗാന്ധിക്കൊപ്പം അണിചേരണമെന്ന് പ്രമുഖ വിദ്യാഭ്യാസ-രാഷ്ട്രീയ പ്രവർത്തകനായ യോഗേന്ദ്ര യാദവ് ആഹ്വാനം ചെയ്തു. കോൺഗ്രസിന്‍റെ യാത്രയ്ക്ക് എല്ലാ ജനകീയ പ്രസ്ഥാനങ്ങളുടെയും സംഘടകളുടെയും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പിന്തുണ അഭ്യർത്ഥിച്ചുള്ളതാണ് കുറിപ്പ്. ഭരണഘടനയെ വിശുദ്ധ ഗ്രന്ഥമായി കരുതുന്നവരെയും, ജാതി, മതം, ഭാഷ, രാഷ്ട്രീയ പക്ഷപാതങ്ങൾക്കതീതമായി ഇന്ത്യയെ കാണാൻ ആഗ്രഹിക്കുന്ന എല്ലാവരെയും അഭിസംബോധന ചെയ്യുന്നതാണ് കുറിപ്പ്. ഭിന്നിപ്പിക്കലിന്‍റെ കാലത്ത് രാജ്യത്തെ ജനതയെ ഒറ്റക്കെട്ടാക്കാനാണ് യാത്രയെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ മര്യാദകളും നിസാരമായി തകർക്കപ്പെടുകയും ഇന്ത്യ എന്ന ആശയം തന്നെ ആസൂത്രിതമായ ആക്രമണത്തിന് വിധേയമാകുകയും ചെയ്യുന്ന കാലത്ത് ജനങ്ങളെ ബോധവത്ക്കരിക്കുകയാണ് യാത്രയുടെ ലക്ഷ്യം. നരേന്ദ്ര മോദിയുടെ ഭരണത്തിൽ രാജ്യത്ത് വിദ്വേഷവും വിഭജനവും കൊടികുത്തി വാഴുകയാണ്. ജനാധിപത്യ മൂല്യങ്ങൾക്ക് നേരെ ഇപ്പോഴുള്ളതുപോലെ ഹീനമായ ആക്രമണം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ തകർന്നടിയുമ്പോഴും കോർപറേറ്റ് സുഹൃത്തുക്കളെ മാത്രം സഹായിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. മോദി ഭരണത്തിൽ കർഷകരും തൊഴിലാളികളും ദളിതരും ആദിവാസികളും സ്ത്രീകളും മതന്യൂനപക്ഷങ്ങളും കടുത്ത അവഗണന നേരിടുന്നു. ജനങ്ങളുടെ പ്രശ്നങ്ങളോട് മുഖം തിരിക്കുന്ന ഇത്തരം ഒരു ഭരണം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ രാജ്യത്തെ ജനത ഒറ്റക്കെട്ടായി രാഹുൽ ഗാന്ധി നയിക്കുന്ന യാത്രയിൽ അണിചേരണമെന്നും കുറിപ്പിൽ ആഹ്വാനം ചെയ്യുന്നു.

ചരിത്രം കുറിക്കാൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് സെപ്റ്റംബർ 7 ന് കന്യാകുമാരിയിൽ നിന്നാണ് തുടക്കം കുറിക്കുന്നത്. 150 ദിവസങ്ങൾ നീളുന്ന യാത്ര 3500 കിലോ മീറ്ററിലേറെ ദൂരം താണ്ടി കശ്മീരിൽ അവസാനിക്കും. സെപ്റ്റംബർ 11 നാണ് യാത്ര കേരളത്തിൽ പ്രവേശിക്കുന്നത്. മോദി സർക്കാരിനെതിരായ വലിയ പ്രക്ഷോഭമായി മാറുന്ന യാത്രയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്.