ചരിത്രം കുറിക്കാന്‍ ഭാരത് ജോഡോ യാത്ര; എഐസിസി ആസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍

Jaihind Webdesk
Monday, August 29, 2022

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ പദയാത്രയ്ക്കായി വിപുലമായ ക്രമീകരണങ്ങള്‍. യാത്ര ആസൂത്രണം ചെയ്യുന്നതിന്‍റെ ഭാഗമായി എഐസിസി ആസ്ഥാനത്ത് യോഗം ചേര്‍ന്നു. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി , മറ്റ് ജനറൽ സെക്രട്ടറിമാർ, ഭാരവാഹികൾ, പിസിസി പ്രസിഡന്‍റുമാർ, സംസ്ഥാന കോർഡിനേറ്റർമാർ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.

150 ദിവസങ്ങള്‍, 3500 ലേറം കിലോമീറ്റര്‍. വിഭജന വർഗീയ ശക്തികൾ ഭരിക്കുമ്പോള്‍ രാജ്യത്തെ നിലവിലെ അവസ്ഥ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പറഞ്ഞ് മനസിലാക്കാനുള്ള ഐതിഹാസിക യാത്രയ്ക്കാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. സെപ്റ്റംബര്‍ 7 ന് കന്യാകുമാരിയിലെ ഗാന്ധി കൽമണ്ഡപത്തിൽ നിന്ന് തുടങ്ങുന്ന യാത്ര കശ്മീരിലാണ് അവസാനിക്കുന്നത്. 11 നാണ് യാത്ര കേരളത്തില്‍ പ്രവേശിക്കുന്നത്. കേരള അതിര്‍ത്തിയായ കളിക്കാവിളയില്‍ വന്‍ സ്വീകരണം ഒരുക്കാനാണ് തീരുമാനം. രാവിലെ 7 മുതല്‍ 10 വരെയും തുടര്‍ന്ന് വൈകുന്നേരം നാല് മുതല്‍ രാത്രി ഏഴ് വരെയുമായി ഓരോ ദിവസവും 25 കി.മീറ്റര്‍ ദൂരമാണ് പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്ന് പോകുന്നത്.തിരുവനന്തപുരം ജില്ലയിൽ 11, 12, 13, 14 തീയതികളിൽ പര്യടനം നടത്തി 14 ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയിൽ പ്രവേശിക്കും. 15, 16 തീയതികളിൽ കൊല്ലം, 17, 18, 19, 20 തീയതികളിൽ ആലപ്പുഴ, 21, 22 തീയതികളിൽ എറണാകുളം, 23, 24, 25 തീയതികളിൽ തൃശൂർ ജില്ലകളിലാണ് പര്യടനം. 26 നും 27 ന് ഉച്ചവരെയും പാലക്കാട് ജില്ലയിലാണു യാത്ര. 27 ന് ഉച്ചയ്ക്ക് ശേഷം മലപ്പുറം ജില്ലയിൽ പ്രവേശിക്കും. 28 നും 29നും മലപ്പുറം ജില്ലയിൽ പര്യടനം പൂർത്തിയാക്കി കർണ്ണാടകത്തിൽ പ്രവേശിക്കും.

ഭാരത് ജോഡോ യാത്ര കടന്ന് പോകാത്ത സംസ്ഥാനങ്ങളില്‍ നിന്നും പദയാത്രയില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ 100 അംഗങ്ങളെയും ഉള്‍പ്പെടുത്തും. യാത്ര കടന്ന് പോകുന്ന വിവിധ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനും ക്രമീകരണങ്ങള്‍ വരുത്തുന്നതിനുമായി വിവിധ കമ്മിറ്റികള്‍ക്കും കെപിസിസി രൂപം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ പാറശാല, നെയ്യാറ്റിന്‍കര, ബാലരാമപുരം, നേമം, തിരുവനന്തപുരം സിറ്റി, കഴക്കൂട്ടം, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, ഇരവിപുരം, കൊല്ലം, ചവറ, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, അരൂര്‍, ഇടപ്പള്ളി, കൊച്ചി, ആലുവ, അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഒല്ലൂര്‍, തൃശ്ശൂര്‍, വടക്കാഞ്ചേരി, വള്ളത്തോള്‍ നഗര്‍, ഷൊര്‍ണ്ണൂര്‍, പട്ടാമ്പി, പെരുന്തല്‍മണ്ണ, വണ്ടൂര്‍, നിലമ്പൂര്‍ തുടങ്ങി 43 അസംബ്ലി നിയോജക മണ്ഡലങ്ങളിലും 12 ലോക്‌സഭാ മണ്ഡലങ്ങളിലും ഭാരത് ജോഡോ യാത്ര കടന്നുപോകും.

രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന യാത്രയിൽ എഐസിസി ജനറൽ സെക്രട്ടറിമാർ, പ്രദേശ് കോൺ​ഗ്രസ് കമ്മിറ്റി അധ്യക്ഷന്മാർ, ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ, പാർട്ടിയിലെ പ്രധാന നേതാക്കൾ തുടങ്ങിയവർ അണിനിരക്കും. രാജസ്ഥാനിലെ ഉദയ് പൂരിൽ നടന്ന ചിന്തൻ ശിബിരത്തിലാണ് പദയാത്രയ്ക്ക് തീരുമാനമായത്.