ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലേക്ക്; ജനപങ്കാളിത്തത്താല്‍ വിമര്‍ശകരുടെ വായടപ്പിച്ച് ഐക്യമുന്നേറ്റ യാത്ര

Jaihind Webdesk
Monday, November 21, 2022

മഹാരാഷ്ട: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡൊ യാത്ര മധ്യപ്രദേശിലേക്ക്. മഹാരാഷ്ട്രയിലെ പര്യടനത്തിന് ശേഷമാണ് ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലേക്ക് പ്രവേശിക്കുന്നത്. പതിനായിരക്കണക്കിന് ആളുകളാണ് മറാത്ത മണ്ണിലെ വിവിധ പരിപാടികളിൽ പങ്കെടുത്തത്.

തമിഴ്നാട്, കേരളം, കർണാടക, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ പര്യടനത്തിന് ശേഷം
നവംബർ 7 നാണ് രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡൊ യാത്ര മഹാരാഷ്ട്രയിലേക്ക് പ്രവേശിച്ചത്. തുടർന്ന് നന്ദേഡിലും ഷെഗാവിലും മഹാറാലികളാണ് ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിൽ നടന്നത്. യാത്രയിലെ ജനപങ്കാളിത്തം കോൺഗ്രസിന്‍റെ വിമർശകരുടെ വായ അടപ്പിച്ചു.

മഹാത്മാ ഗാന്ധിയുടെ  ചെറുമകന്‍  തുഷാർ ഗാന്ധി, ശിവസേന നേതാവ് ആദിത്യ താക്കറെ, പരിസ്ഥിതി പ്രവർത്തക മേധാ പട്കർ, ശിവസേനയുടെയും, എൻ സി പി യുടെയും നേതാക്കൾ തുടങ്ങിയവര്‍ വിവിധ ഇടങ്ങളിൽ ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം പദയാത്രയിൽ പങ്കുചേർന്നു. രാഹുൽ ഗാന്ധിക്ക് അഭിവാദ്യം അർപ്പിക്കാനായി സിപിഎം, സിപിഐ ഉൾപ്പടെയുള്ള ഇടതുപക്ഷ സംഘടനകളുടെ പ്രവർത്തകരും എത്തിയിരുന്നു. കർഷകരുടെയും, യുവാക്കളുo നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് വിവിധ ഇടങ്ങളിലെ സ്വീകരണ പൊതുയോഗങ്ങളിൽ രാഹുൽ ഗാന്ധി നടത്തിയത്.

പദയാത്രയുടെ ഭാഗമായി രാഹുൽ ഗാന്ധി വിവിധ ജനവിഭാഗങ്ങളുമായും, വിവിധ സംഘടന പ്രതിനിധികളുമായും പദയാത്രക്കിടെ കൂടിക്കാഴ്ച നടത്തി. വിവിധ ആരാധനാലയങ്ങളും, ക്ഷേത്രങ്ങളും ആശ്രമങ്ങളും രാഹുൽ ഗാന്ധി സന്ദർശിച്ചു.
ഇന്നും നാളെയും ഭാരത് ജോഡൊ യാത്രയ്ക്ക് ഇടവേളയാണ്. തുടർന്നാണ് മധ്യപ്രദേശിൽ പര്യടനം നടത്തുക