ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്‍റെ സഞ്ജീവനി; എന്ത് പ്രതിബന്ധങ്ങളുണ്ടാലും ശക്തമായി മുന്നോട്ടുപോകുമെന്ന് നേതാക്കള്‍

 

തിരുവനന്തപുരം: മോദി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര എന്തൊക്കെ പ്രതിസന്ധിയുണ്ടായാലും ശക്തമായി മുന്നോട്ടുപോകുമെന്ന് കോണ്‍ഗ്രസ്. ഭാരത് ജോഡോ യാത്ര കോൺഗ്രസിന്‍റെ സഞ്ജീവനിയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയെക്കുറിച്ച് വിശദീകരിക്കാന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു മുതിര്‍ന്ന നേതാക്കളായ ജയ്റാം രമേശും, ദിഗ് വിജയ് സിംഗും.

“എന്ത് പ്രതിസന്ധി ഉണ്ടായാലും യാത്ര തുടരും.കോണ്‍ഗ്രസിലേക്ക് ആളുകൾ വരികയും പോവുകയും ചെയ്യും. ചിലർ രാഹുലിനെ ആക്രമിക്കും. യാത്രയെ തകർക്കാൻ ബിജെപി ഇരട്ടി സമയം ജോലി ചെയ്യുന്നുണ്ട്. അതൊന്നും യാത്രയെ ബാധിക്കില്ല. ആശയപരമായ എതിരഭിപ്രായം കൊണ്ടല്ല ആരും പാര്‍ട്ടി വിട്ട് പോയത്. എല്ലാവരും വ്യക്തിപരമായ കാരണങ്ങളാൽ പോയവരാണ്” – നേതാക്കള്‍ കുറ്റപ്പെടുത്തി.

രാജ്യത്ത് സാമ്പത്തിക അസമത്വമെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം ചുമതലയുള്ള എഐസിസി ജനറർ സെക്രട്ടറി ജയ്റാം രമേശ് ചൂണ്ടിക്കാട്ടി. ഇന്ത്യ സാമ്പത്തികമായും രാഷ്ട്രീയമായും മതപരമായും വിഭജിക്കപ്പെടുന്നു. മോദി വിരുദ്ധ നിലപാടുള്ള എല്ലാവർക്കും യാത്രയിലേക്ക് സ്വാഗതമെന്നും, യാത്ര സംഘടനാ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ജയ്റാം രമേശ് പറഞ്ഞു.

ആശയഭിന്നത കൊണ്ടല്ല ആരും കോൺഗ്രസ് വിട്ടതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് പറഞ്ഞു. എല്ലാവരും പോയത് വ്യക്തിപരമായ കാരണങ്ങളാലാണ്. ഗുലാം നബി ആസാദ് ആർഎസ്എസിനെയും ബിജെപിയെയും വിമർശിച്ചിട്ടില്ലെന്നും ഭാരത് ജോഡോ യാത്രയുടെ ദേശീയ കോർഡിനേറ്റർ ദിഗ് വിജയ് സിംഗ് പറഞ്ഞു.

Comments (0)
Add Comment